ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ എസ്എഫ്ഐ അതിക്രമം, അതിക്രമിച്ച് കയറിയത് മുപ്പതോളം പേർ; പൊലീസ് കേസെടുത്തു

Published : Mar 03, 2023, 10:09 PM ISTUpdated : Mar 03, 2023, 11:27 PM IST
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ എസ്എഫ്ഐ അതിക്രമം, അതിക്രമിച്ച് കയറിയത് മുപ്പതോളം പേർ; പൊലീസ് കേസെടുത്തു

Synopsis

ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന്  പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തി. ഇന്ന് വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന്  പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച്  ഏഷ്യാനെറ്റ് ന്യൂസ്  റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്. 

 

ഒരു വശത്ത് മാധ്യമസ്വാതന്ത്ര്യത്തിനായി പ്രസംഗം മറുവശത്ത് അതിക്രമം, അപലപിച്ച് സതീശൻ 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അപലപിച്ചു. ഏകാധിപത്യ ഭരണകൂടം നിലനിൽക്കുന്ന ഇടങ്ങളിൽ നടക്കുന്നതിന് സമാനമായ സംഭവമാണിതെന്നും കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് നടന്നതെന്നും സതീശൻ പ്രതികരിച്ചു. ഒരു വശത്ത് മാധ്യമസ്വാതന്ത്ര്യത്തിനായി പ്രസംഗം മറുവശത്ത് അതിക്രമം എന്നതാണ് രീതി. ഭീഷണിയുടെ സ്വരവുമായി മാധ്യമ ഓഫീസിൽ അതിക്രമിച്ചു കടന്നത് ഫാഷിസമാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും അപലപിച്ചു. ഇത്തരം പ്രതികരണങ്ങൾക്ക്  ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.

അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ; മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമെന്ന് എൻ കെ പ്രേമചന്ദ്രൻ

കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്ത എസ് എഫ് ഐ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിച്ചു. മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ലിത്. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡൻറ് എം വി  വിനീതയും ജനറൽസെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.

തിരുവനന്തപുരം പ്രസ് ക്ലബ് അപലപിച്ചു 

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിനുള്ളിൽ എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധിച്ചു. സംഘടനകളുടെ മറപിടിച്ച് ക്രിമിനലുകളെ വളരാൻ അനുവദിക്കരുത്. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടി ഉറപ്പാക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ.സാനുവും ആവശ്യപ്പെട്ടു. 

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ