
ദില്ലി: ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആർഎൽ പണം നല്‍കിയോയെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ദില്ലി ഹൈക്കോടതിയിൽ കേന്ദ്ര ഏജൻസിയുടെ അഭിഭാഷകൻ പറഞ്ഞു. എക്സാലോജിക് –സിഎംആർഎൽ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നതും ഏജൻസി പരിശോധിക്കുന്നുണ്ട്. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നല്കിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വാദം ഈ മാസം 23 ന് വീണ്ടും തുടരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ സിഎംആർഎല്ലാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നാണ് ഹർജിയിൽ ദില്ലി ഹൈക്കോടതി വിശദമായ വാദം കേട്ടത്. മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആർഎൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വാദിച്ചിരുന്നു. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടിയെന്നും സിഎംആർഎൽ ചോദിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam