സ്വ‍ർണക്കൊള്ള കേസ്; മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ, പെരുന്നയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ഇന്നലെ രാത്രി

Published : Oct 23, 2025, 06:07 AM ISTUpdated : Oct 23, 2025, 06:25 AM IST
Murari Babu

Synopsis

സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ

തിരുവനന്തപുരം: സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ ചോദ്യം ചെയ്യൽ പൂര്‍ത്തിയായിരിക്കുകയാണ്. അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ മുരാരി ബാബു സസ്പെൻഷനിലാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം.

കേസില്‍ മുരാരി ബാബുവിന്‍റെ പങ്ക് വളരെ വ്യക്തമാണ്. ആരോപണങ്ങളിൽ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്. 2029 ല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവില്‍ നിന്നാണ് ദ്വാരപാലക ശില്‍പങ്ങളിലും കട്ടിള പാളികളിലും സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം മുരാരി ബാബുവിന്‍റെ കാലത്താണ് എന്നാണ് റിപ്പോർട്ട്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് ബി മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞിട്ടുണ്ട്.

കേസില്‍ പ്രത്യേക അന്വേഷണ സംഘം സാക്ഷികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണ പാളികൾ കൊണ്ടുപോകുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വരുടെ മൊഴിയെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പും ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് സൂചന. ഈ മാസം 30 വരെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ ഉടൻ തെളിവെടുപ്പ് നടത്തും. പോറ്റിയുടെ കൈവശം സ്വർണ്ണകൊള്ളയിലെ ലാഭം ഉപയോഗിച്ച് വാങ്ങിയ സ്വർണനാണയങ്ങൾ അടക്കം ഉണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പരിശോധനകളും തുടരും. വീട്ടിൽ നേരത്തെ നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷം രൂപ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ