ഇപ്പോൾ ഭൂമി സൂര്യനോട് ഏറ്റവും അടുത്തുള്ള പെരിഹെലിയോൺ സമയമാണ്, കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇത്തരം അശാസ്ത്രീയ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
തിരുവനന്തപുരം: കേരളത്തിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതാണെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം. നാളെ പുലർച്ചെ 5:27 മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും. ഇത് വായു തണുക്കാൻ കാരണമാകുന്ന അഫീലയന്‍ (Aphelion) പ്രതിഭാസമാണെന്നും ഈ പ്രതിഭാസം ഈ വർഷം ഓഗസ്റ്റ് വരെ തുടരുമെന്നും വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. ഇതുകാരണം കാലാവസ്ഥ പതിവിലും തണുപ്പായിരിക്കുമെന്നും ജലദോഷം, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും ശ്രദ്ധിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
എന്നാൽ, ഇത് പൂർണമായും തെറ്റാണെന്നും അഫീലയന്‍ എന്നത് ഭൂമി സൂര്യനെ ചുറ്റുമ്പോൾ ഏറ്റവും അകലെ എത്തുന്ന സ്ഥാനം മാത്രമാണെന്നും വിദഗ്ധർ പറയുന്നു. ഈ പ്രതിഭാസം എല്ലാ വർഷവും ജൂലൈ ആദ്യം (ജൂലൈ 3–5 ഇടയിൽ) സംഭവിക്കുന്ന. ഇപ്പോൾ പെരിഹീലിയന്‍ എന്ന ഭൂമി സൂര്യനോട് ഏറ്റവും അടുത്തിരിക്കുന്ന സമയമാണ്. ജനുവരി 3-4 ദിവസങ്ങളിലാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തിയത്. ഇപ്പോൾ അനുഭവപ്പെടുന്ന ശൈത്യത്തിന് ഈ പ്രപഞ്ച പ്രതിഭാസങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും ഭൂമിയിലെ കാലാവസ്ഥ നിയന്ത്രിക്കുന്നത് ഭൂമിയുടെ അച്ചു തണ്ടിലെ ചരിവാണെന്നുമാണ് വസ്തുത. അതുകൊണ്ട് തന്നെ ഇത്തരം തെറ്റായതും അശാസ്ത്രീയമാതയുമായ സന്ദേശങ്ങൾ വിശ്വസിക്കരുത്.
