
തിരുവനന്തപുരം: "അണികൾ ജയിലിൽ; നേതാക്കൾ ഖത്തറിൽ" എന്ന ആക്ഷേപത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഫുട്ബോൾ കാണാൻ പോയതിനെതിരെ നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തെഴുതി എന്നത് അറിയില്ലെന്നും ഒരാൾ ഇല്ല എന്ന് കരുതി നിന്ന് പോകുന്ന പ്രസ്ഥാനമല്ല യൂത്ത് കോൺഗ്രസെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
ഫുട്ബോൾ കാണാൻ ആഗ്രഹിച്ചു, ഖത്തറില്‍ പോയി കണ്ടു എന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിന് എന്തൊക്കെയാണ് നിർവചനമെന്ന് അറിയില്ല. ലോകകപ്പ് കാണാൻ പോയത് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ്. ഫുട്ബോൾ കാണുന്നത് തെറ്റാണോയെന്ന് തോന്നിയിട്ടില്ലെന്നും അടുത്തായിരുന്നത് കൊണ്ടാണ് കാണാൻ പോയതെന്നും എംഎല്‍എ പറഞ്ഞു. അർജന്റീന ഫൈനലിൽ എത്തിയാൽ ഖത്തറിൽ പോയി കളി കാണാൻ ശ്രമിക്കുമെന്ന് പറഞ്ഞ ഷാഫി പറമ്പിൽ, ആറാം തീയതി കോർപ്പറേഷൻ വിഷയത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി പ്രവാഹമായിരുന്നു. രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളില്‍ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയത്. സര്‍ക്കാരിനെതിരെ സമരം ചെയ്ത് പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ പ്രസിഡന്‍റ് ഖത്തറില്‍ ഉല്ലാസയാത്ര നടത്തുകയാണെന്നാണ് പരാതികളുടെയെല്ലാം ഉളളടക്കം.
കോഴിക്കോട്ട് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ വിവാദം കോണ്‍ഗ്രസിലേക്ക് കത്തിപ്പടരാന്‍ കാരണമായതും ഷാഫി പറമ്പിലിന്‍റെ മൗനമാണെന്ന അഭിപ്രായം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോലും ശക്തമാണ്. നാളുകളായി തുടരുന്ന ഈ സംഘടനാ അതൃപ്തികള്‍ക്കൊടുവിലാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് പരാതികളെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam