മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലെ പ്രധാനിയുമായി അടുത്ത ബന്ധമുള്ളയാൾ ക്വട്ടേഷൻ സംഘത്തലവനെന്ന് ഷാഫി പറമ്പിൽ

By Web TeamFirst Published Jun 29, 2021, 1:33 PM IST
Highlights

പ്രാദേശികമായി പാർട്ടി സ്വർണ്ണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ക്രിമിനൽ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് സിപിഎം. ഭരണം ദുരുപയോഗം ചെയ്യുന്നു. സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. 

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ അംഗങ്ങളുടെ സിപിഎം ബന്ധത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലെ പ്രധാനിയുമായി അടുത്ത ബന്ധമുള്ളയാൾ ക്വട്ടേഷൻ സംഘത്തലവനാണെന്ന് കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എംഎല്‍എ ആരോപിച്ചു. 

പ്രാദേശികമായി പാർട്ടി സ്വർണ്ണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ക്രിമിനൽ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് സിപിഎം. ഭരണം ദുരുപയോഗം ചെയ്യുന്നു. സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. 

ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും ലെവി പിടിക്കുന്ന പാർട്ടിയായി സിപിഎം അധ:പതിച്ചു. സിപിഎം അറിഞ്ഞു വളർത്തിയ സംഘമാണ് കടത്തിന് പിന്നിലുള്ളത്. ക്വട്ടേഷൻ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വർണ്ണക്കടത്തിന് പിന്നിൽ ഉണ്ടെങ്കിൽ ഇനി ഒരന്വേഷണവും ഉണ്ടാകില്ല. പ്രതികളുടെ പരോളുകൾ ഉൾപ്പെടെ അന്വേഷിക്കണം. കസ്റ്റംസ് അന്വേഷണത്തിന് പുറത്ത് മറ്റ് ഏജൻസികളും ഏജൻസികളും അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്‍റെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവനാണെന്നാണ് ഷാഫി പറമ്പില്‍ ആദ്യം പറഞ്ഞത്. മാധ്യമ ഉപദേഷ്ടാവ് എന്ന പ്രയോഗത്തിൽ സോഷ്യൽ മിഡിയയിൽ അടക്കം വിമർശനം വന്നതോടെയാണ് മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലെ പ്രധാനിയുമായി അടുത്ത ബന്ധമുള്ളയാൾ എന്ന് ഷാഫി തിരുത്തിയത്.  

ഇതിനിടെ ടിപി കേസ് പ്രതികൾ ജയിലിൽ കിടക്കുമ്പോഴും സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് പാർട്ടി സഹായത്തിന്‍റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സിപിഎം തള്ളിപറയുമ്പോഴും ഓരോ ദിവസവും പുറത്തുവരുന്നത് പാർട്ടിയെ കൂടുതൽ വെട്ടിലാക്കുന്ന വിവരങ്ങളാണ്. 

മൂന്നിലൊന്ന് പങ്ക് പാർട്ടിക്ക് എന്ന് പറയുമ്പോഴും സ്വർണ്ണക്കടത്ത് നിയന്ത്രണം ചെന്നെത്തുന്നത് ടിപി കേസ് കുറ്റവാളികളിലാണ്. കർശന നിരീക്ഷണത്തിൽ നിർത്തേണ്ട കൊടി സുനിയും ഷാഫിയും പാർട്ടിയും ജയിൽ സംവിധാനങ്ങളും അറിയാതെ ക്വട്ടേഷൻ കേസുകളിൽ ഇപ്പോഴും എങ്ങനെ ബന്ധപ്പെടുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. 

"ക്രിമിനൽ സംഘങ്ങളുടെ അടിമകളാണ് സിപിഎം" സ്വർണക്കടത്തിൽ സിപിഎമ്മിന്‍റെ പങ്ക് വ്യക്തമെന്ന് വി ഡി സതീശൻ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!