ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം അത് പറയാനുള്ള ധീരതയും; പൃഥ്വിരാജിന് പിന്തുണയുമായി ഷാഫി

By Web TeamFirst Published May 28, 2021, 2:13 PM IST
Highlights

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. 

ലക്ഷദ്വീപ് വിഷയത്തില്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ച ചലചിത്രതാരം പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം. ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം അത് പറയാനുള്ള ധീരതയും എന്നാണ് പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഷാഫി പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.  

ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനം താരം നേരിട്ടിരുന്നു.

സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പൃഥ്വിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ഷാഫി പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!