ശക്തമായ വേനൽമഴ; ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

By Web TeamFirst Published May 28, 2021, 1:42 PM IST
Highlights

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടുക്കി ഡാമിൽ രണ്ടടി വെള്ളം കുറവാണ്. കേന്ദ്രജലകമ്മീഷന്റെ റൂൾ കർവ് അനുസരിച്ച് ഡാമുകളിലെ സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും ജില്ലാ കളക്ടർ എച്ച് ദിനേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൊടുപുഴ: വേനൽമഴ തിമിർത്തുപെയ്തെങ്കിലും ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടുക്കി ഡാമിൽ രണ്ടടി വെള്ളം കുറവാണ്. കേന്ദ്രജലകമ്മീഷന്റെ റൂൾ കർവ് അനുസരിച്ച് ഡാമുകളിലെ സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും ജില്ലാ കളക്ടർ എച്ച് ദിനേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2338.98 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടിൽ ഇപ്പോഴുള്ളത്. സംഭരണശേഷിയുടെ 35 ശതമാനം. കഴിഞ്ഞവർഷം ഇതേസമയത്ത് 2340 അടിവെള്ളമുണ്ടായിരുന്നു. കാലവർഷം കനത്താലും ഉടൻ ഡാം തുറക്കേണ്ട സാഹചര്യം വരില്ലെന്നാണ് കെഎസ്ഇബിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും വിലയിരുത്തൽ. 2403 അടിയാണ് അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി. ജലനിരപ്പ് ഉയർന്നെങ്കിലും മുല്ലെപ്പെരിയാറിലും നിലവിൽ ആശങ്ക വേണ്ട. 131 അടിവെള്ളമാണ് അണക്കെട്ടിലിപ്പോഴുള്ളത്. 142 അടിയാണ് മുല്ലപ്പെരിയാറിലെ സുപ്രീംകോടതി അനുവദിച്ച പരമാവധി സംഭരണശേഷി.

അടിയന്തര സാഹചര്യങ്ങളിൽ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് മൂന്ന് തരത്തിലൂള്ള ക്യാമ്പുകളാണ് സജ്ജമാക്കുക. രോഗികൾക്കുള്ളത്, നിരിക്ഷണത്തിൽ കഴിയുന്നവർക്ക്, രോഗമില്ലാത്തവർക്ക് എന്നിങ്ങനെ. ക്യാമ്പുകളിലേക്ക് വരാൻ താൽപര്യമില്ലാത്തവർക്ക് ബന്ധുവീടുകളിലേക്ക് മാറാനുള്ള സൗകര്യവും ഒരുക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!