
പാലക്കാട്: എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. കേരളം ഇതുവരെ കാണാത്ത യുവജന വഞ്ചനയാണ് നടക്കുന്നത്. നേതാക്കളുടെ ബന്ധുക്കൾക്ക് തൊഴിൽ നൽകാനുള്ള മേളയാണ്. യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകും. യോഗ്യതയുള്ള ചെറുപ്പക്കാർക്ക് നേരെയുള്ള വെല്ലുവിളിയാണിത്. വിവാദമായ മുഴുവൻ നിയമനങ്ങളും റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി ഓഫീസിലേക്ക് ആളെ വക്കും പോലെ സർക്കാർ സർവ്വീസിൽ ആളെ വയ്ക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കും. കേരളത്തിലുള്ളത് പിണറായി സർവ്വീസ് കമ്മീഷനെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. അതിനിടെ റോജി എം ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലടി സർവകലാശാലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സർവകലാശാലയിലേക്ക് കടക്കാനുള്ള എല്ലാ പ്രവേശന കവാടങ്ങളും പോലീസ് അടച്ചു. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മതിൽ ചാടി അകത്ത് കടന്നു. പിന്നീട് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മറ്റുള്ളവർ പിരിഞ്ഞുപോയി. യുവമോർച്ച പ്രവർത്തകരും എബിവിപി പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam