‘ആ 500 ൽ ഞങ്ങളില്ല’ ഷാഫിയുടെ പഴയ പോസ്റ്റ് ട്രോളി സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവികള്‍

By Web TeamFirst Published Jun 16, 2021, 7:03 PM IST
Highlights

കഴിഞ്ഞ മെയ് 18നാണ് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ ഷാഫി പറമ്പില്‍ 'ആ 500ല്‍ ഞങ്ങളില്ല' എന്ന് പോസ്റ്റിട്ടത്. 

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടെ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു നടത്തുന്നതിനെതിരെ ‘ആ 500 ൽ ഞങ്ങളില്ല’ എന്ന സമൂഹമാധ്യമ പ്രചാരണത്തിന് നേതൃത്വം നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലിന് തിരിച്ചടിയുമായി എംഎല്‍എ യു പ്രതിഭയുടെ പോസ്റ്റ്. കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം വന്നതും, അതില്‍ കേസ് എടുത്തതുമായ കാര്യം ചൂണ്ടിക്കാട്ടിയാണ് കായംകുളം എംഎല്‍എയും സിപിഎം നേതാവുമായ യു പ്രതിഭ ഈ അയ്യായിരത്തിൽ ഞാനില്ലേ, എന്ന് പോസ്റ്റിട്ടത്. 

കഴിഞ്ഞ മെയ് 18നാണ് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ ഷാഫി പറമ്പില്‍ 'ആ 500ല്‍ ഞങ്ങളില്ല' എന്ന് പോസ്റ്റിട്ടത്. ഇത് വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ അണികള്‍ ചര്‍ച്ചയാക്കിയിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയതില്‍ പ്രതിപക്ഷ ശബ്ദമായി പലരും ഈ പോസ്റ്റ് കണ്ടു. 30000ത്തോളം ഷെയറുകള്‍ പോയ ഈ പോസ്റ്റിന് തൊണ്ണൂറായിരത്തോളം ലൈക്കുകളും ലഭിച്ചു. ഇതാണ് ഇന്നത്തെ സംഭവത്തോടെ തിരിച്ചടിക്കുന്നത്.

യു.പ്രതിഭ മാത്രമല്ല സോഷ്യല്‍ മീഡിയയിലെ ഇടത് അണികള്‍ ഈ പോസ്റ്റ് വ്യാപകമായി ചര്‍ച്ചയാക്കുകയാണ്. പലതരത്തിലുള്ള ട്രോളുകള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. ഷാഫിയുടെ പോസ്റ്റിന് അടിയിലും കമന്‍റുകളുണ്ട് അന്ന് 500-ല്‍ ഇല്ലെന്ന് നിലപാടെടുത്ത എംഎല്‍എ ഈ ആള്‍ക്കൂട്ടത്തിലുണ്ടോ എന്ന ചോദ്യം കമന്റ് ബോക്‌സ് ഉയര്‍ത്തുന്നു. എംഎല്‍എയുടെ പുതിയ പോസ്റ്റുകളിലും ഇത്തരത്തിലുള്ള കമന്റുകള്‍ സജീവമായി ഉണ്ടാകുന്നുണ്ട്. ഇതിനുപുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകളും ഉണ്ടാകുന്നുണ്ട്.

അതേ സമയം കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചു കൂടിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. 

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെ ബാബു, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ എന്നിവരും എത്തിയിരുന്നു. കണ്ണൂരിൽ നിന്നടക്കം സുധാകരൻ കെപിസിസി അധ്യക്ഷനാവുന്നത് നേരിൽ കാണാൻ ഇന്ന് പ്രവർത്തകർ എത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!