
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയുടെ സ്ഥാനത്ത് സിസിടിവി വെക്കുന്നതാണ് നല്ലതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. തലശ്ശേരിയിൽ കാറിൽ ചാരി നിന്നെന്ന് പറഞ്ഞ് ആറ് വയസ്സുള്ള കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. ''തലശ്ശേരിയില്‍ ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ വീഴ്ച പറ്റിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓരോ മണിക്കൂറിലും വീഴ്ചകൾ സംഭവിക്കുന്നു. പരാജയത്തിന്‍റെ പൂര്‍ണ്ണതയിലാണ് ആഭ്യന്തര വകുപ്പ്.'' പദവിയില്‍ ഇരിക്കും മുമ്പേ അയോഗ്യനാണെന്ന് സ്പീക്കര്‍ തന്‍റെ പ്രതികരണത്തിലൂടെ തെളിയിച്ചെന്നും ഷാഫി പറഞ്ഞു. തലശ്ശേരി സംഭവത്തിൽ എന്ത് കൊണ്ടാണ് ഒരു പോലീസുകാരനെതിരെ പോലും നടപടി എടുക്കാത്തതെന്നും സ്പീക്കറുടേത് പദവിക്ക് ചേരാത്ത സംസാരമാണെന്നും ഷാഫി പറഞ്ഞു.
''കുട്ടിയെ ചവിട്ടുന്നത് കണ്ട്, മനുഷ്യനായിട്ടുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു കാര്യത്തിൽ, ആ ക്രൂരനെ വെറുതെ വിട്ട പൊലീസുകാർക്കെതിരെ എന്തെങ്കിലും ഒരു നടപടി എടുത്തിട്ടുണ്ടോ? അതിനെ ന്യായീകരിക്കുക എന്നല്ലാതെ കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നത് കണ്ടിട്ട് അത് ചെയ്തവനെ വെറുതെ വിട്ടതിനെതിരെ നടപടി എടുത്തിട്ടല്ലേ സർക്കാർ തുടങ്ങേണ്ടത്? എന്നിട്ടല്ലേ അന്വേഷണം പ്രഖ്യാപിക്കേണ്ടത്? അതിന് വേറെ പഠിക്കാനെന്താ? ആ കുട്ടിയെ ചവിട്ടി എന്നുള്ളതിൽ ഗവൺമെന്റിന് സംശയമുണ്ടോ? അയാൾ ചെയ്തത് ക്രൂരതയാണെന്ന കാര്യത്തിൽ ഗവൺമെന്റിന് സംശയമുണ്ടോ? രാത്രി അയാളെ കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ അവനെ ഉള്ളിൽ തള്ളുന്നതിന് പകരം അവനെ വെറുതെ വിട്ട പൊലീസിനെ ഇന്ന് നേരം പുലരുമ്പോൾ സസ്പെൻഡ് ചെയ്ത് നടപടിയെടുത്ത് പുറത്താക്കിയിട്ടല്ലേ ഗവൺമെന്റ് ആക്ഷൻ തുടങ്ങേണ്ടിയിരുന്നത്?'' ഷാഫി പറമ്പിൽ ചോദിക്കുന്നു.
തലശ്ശേരിയിൽ കുട്ടിയെ മർദിച്ച സംഭവത്തിൽ വീഴ്ച പറ്റിയ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ആഭ്യന്തര വകുപ്പ് വീഴ്ച വകുപ്പ് ആയി മാറി. ഈ വീഴ്ചകൾക്ക് വെള്ളപൂശാനാണ് സി പി എം ശ്രമം. തലശ്ശേരി എം എൽ എ ആയ സ്പീകർ വളരെ ലാഘവത്തോടെയാണ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. സ്പീക്കറുടെ പ്രതികരണം ലജ്ജിപ്പിക്കുന്നതാണെന്നും പി കെ ഫിറോസ് പറഞ്ഞു.