
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അഭിപ്രായത്തിൽ, കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം. ആർഎസ്എസിന്റെ ഉള്ളിലിരിപ്പാണ് കെ സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടാൻ നിർദ്ദേശിക്കണമെന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമർശം ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണോയെന്നാണ് സിപിഎം ഉയർത്തുന്ന ചോദ്യം.
സ്വർണക്കടത്ത് കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് സുധാകരൻ, സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്ത് സംസാരിക്കവെയായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സ്വർണ്ണക്കടത്തിൽ ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നുമാണ് സുധാകരൻ പറഞ്ഞത്. പിരിച്ചുവിടൽ നടപടിയില്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവ് ഇടാനെങ്കിലും കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും സുധാരകരൻ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam