
കോഴിക്കോട് : തെരഞ്ഞെടുപ്പ് വേളയിൽ പാനൂരിൽ ബോംബ് സ്ഫോടനമുണ്ടായതും പത്തോളം ബോംബുകൾ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും.
പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു. പ്രതികളുടെ പശ്ചാത്തലം ഇതിനോടകം എല്ലാവർക്കും ബോധ്യമായി കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് നാട്ടുമര്യാദയല്ല പാർട്ടി മര്യാദയാണെന്നും ഷാഫി പരിഹസിച്ചു.
പാനൂർ സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്നായിരുന്നു വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ പ്രതികരണം. ക്രിമിനലായി കഴിഞ്ഞാൽ അവരെ ക്രിമിനലുകളായി കണ്ടാൽ മതിയെന്നും നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാരുണ്ടെന്നുമായിരുന്നു പ്രതികളെ കുറിച്ച് ശൈലജയുടെ പ്രതികരണം.
സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, തനിക്കെതിരെ ഉന്നയിക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്‍റെ പ്രചാരണമെന്നും ശൈലജ പറയുന്നു.പാനൂര്‍ സ്ഫോടനക്കേസിലുള്‍പ്പെട്ടയാൾക്കൊപ്പമുളള ഫോട്ടോ പ്രചരിച്ചതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam