
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ചും സി ഐ ടി യു നേതാവ് കെ എൻ ഗോപിനാഥിന്‍റെ 'ഉമ്മ കൊടുത്തോ' പരാമർശത്തെ വിമർശിച്ചും വടകര എം പി ഷാഫി പറമ്പിൽ രംഗത്ത്. മനസാക്ഷി ഉള്ളവർക്ക് ആശാ വർക്കർമാർക്ക് ഉമ്മ കൊടുക്കാൻ തോന്നുമെന്ന് പറഞ്ഞ ഷാഫി, ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ തന്നെ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വർക്കർമാരെന്നും ചൂണ്ടികാണിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്ന സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിന്‍റെ അധിക്ഷേപത്തിനായിരുന്നു ഷാഫിയുടെ മറുപടി.
ആശമാർ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് ചോദിച്ചില്ലെന്നും ഷാഫി ചൂണ്ടികാട്ടി. ദിവസവും കഞ്ഞി കുടിച്ച് പോകാനുള്ള തുക മാത്രമാണ് ആശാവർക്കർമാർ ചോദിച്ചത്. അത് ഏറ്റവും ന്യായമായ കാര്യമാണെന്നും ഷാഫി അഭിപ്രായപ്പെട്ടു. വീണ ജോർജ് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്, അനാരോഗ്യ മന്ത്രിയല്ല എന്നോർമിപ്പിക്കുന്നുവെന്നും വടകര എം പി കൂട്ടിച്ചേർത്തു.
കെ എൻ ഗോപിനാഥിന്‍റെ അധിക്ഷേപം ഇങ്ങനെ
ഓണറേറിയം വർധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശവർക്കർമാരെ തുടക്കം മുതൽ സി ഐ ടി യു നേതാക്കൾ അധിക്ഷേപിക്കുകയാണ്. ഇപ്പോഴിതാ ഇന്നലെ തലസ്ഥാനത്തെ പെരുമഴയത്ത് സമരം ചെയ്ത ആശമാർക്ക് കുട കൊടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും ആശമാരെയും അധിക്ഷേപിച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്നാണ് സി ഐ ടി യു സംസ്ഥാന സെക്രട്ടറി പറഞ്ഞത്. കൊച്ചിയിൽ സി ഐ ടി യു സംഘടിപ്പിച്ച ആശ വർക്കർമാരുടെ പരിപാടിക്കിടെയായിരുന്നു സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുടെ അധിക്ഷേപം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം