പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; ഷഹബാസിൻ്റെ മരണം തലയോട്ടി തകർന്ന്, കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റു

Published : Mar 01, 2025, 03:04 PM ISTUpdated : Mar 01, 2025, 03:10 PM IST
പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; ഷഹബാസിൻ്റെ മരണം തലയോട്ടി തകർന്ന്, കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റു

Synopsis

കോഴിക്കോട് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനേറ്റ ക്രൂരമർദ്ദനത്തിൻ്റെ അടയാളങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം പരിശോധന. ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോ‍ർട്ടത്തിലെ കണ്ടെത്തൽ.

എലൈറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി മുഹമ്മദ് ഷഹബാസ് ആണ് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവൻ നിലനിർത്താൻ ആയത്.

കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിച്ചു. എസ്എസ്എൽസി വിദ്യാർത്ഥികളായി ഇവര്‍ക്ക് പരീക്ഷ എഴുതാൻ ബോർഡ് അനുമതി നൽകി. ആക്രമണം ബോധപൂർവ്വം ആയിരുന്നെന്ന് തെളിയിക്കുന്ന അക്രമികളുടെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു. ഷഹബാസിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയെന്ന് ഒരു സന്ദേശത്തിൽ പറയുന്നു. സംഘം ചേർന്ന് ആക്രമിച്ചാൽ കേസ് ഉണ്ടാകില്ലെന്നാണ് അക്രമി സംഘത്തിലെ ഒരു വിദ്യാർത്ഥി മറ്റുള്ളവർക്ക് നൽകുന്ന ഉപദേശം.

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ