ഡോക്ടറേറ്റ് വിവാദത്തിൽ സംശയങ്ങൾ ബാക്കി: വിശദാംശങ്ങളിലേക്ക് കടക്കാതെ ഷാഹിദാ കമാൽ

By Web TeamFirst Published Jun 26, 2021, 4:14 PM IST
Highlights

ബികോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് ലഭിച്ചെുവെന്ന ആരോപണമാണ് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത യുവതി ഉന്നയിച്ചത്. 

തിരുവനന്തപുരം: വ്യാജ ഡോക്ടറേറ്റ് ആരോപണം തളളി വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍. ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്ന സര്‍വകലാശാല തനിക്ക് ഡിലിറ്റ് നല്‍കുുകയായിരുന്നെന്നാണ് ഷാഹിദ കമാലിന്‍റെ വിശദീകരണം. ഭര്‍ത്താവിന്‍റെ മരണശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയെന്ന് ഫെയ്സ്ബുക്കിലൂടെ ഷാഹിദ വിശദീകരിച്ചെങ്കിലും ഒട്ടേറെ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

ബികോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് ലഭിച്ചെുവെന്ന ആരോപണമാണ് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത യുവതി ഉന്നയിച്ചത്. ഷാഹിദ കമാല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബികോം പരീക്ഷ പാസായിട്ടില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. ഷാഹിദയുടെത് വ്യാജ പിഎച്ച്ഡിയാണെന്നും അന്വേഷണം വേണമെന്നുമുളള ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും മുന്നില്‍ പരാതിയുമുണ്ട്. 

2009 ൽ  തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിൽ  ബികോം ബിരുദം മാത്രമാണ് തന്‍റെ വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ സൂചിപ്പിച്ചിരിക്കുന്നത്. 2011 ൽ ബികോം പിജിഡിസിഎയും. പക്ഷേ 1987- 90 കാലത്ത് അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജില്‍ ബികോം പഠിച്ചെങ്കിലും പരീക്ഷ പാസായില്ലെന്ന് ഇന്നലെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ഷാഹിദ വ്യക്തമാക്കുന്നു.  

ഭര്‍ത്താവിന്‍റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും  അവകാശപ്പെടുന്നു. എന്നാല്‍ ഏതു വര്‍ഷമാണ് ഈ ബിരുദങ്ങള്‍ നേടിയതെന്നോ ഏതു സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെന്നോ വീഡിയോയില്‍ ഷാഹിദ വിശദീകരിച്ചിട്ടില്ല. ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തനിക്ക് ഡിലിറ്റ് ബിരുദം ലഭിച്ചതെന്നും ഷാഹിദ വിശദീകരിക്കുന്നു.

എന്നാല്‍ ഷാഹിദ കമാല്‍ സൂചിപ്പിച്ച  ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്ന സ്ഥാപനം ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്  ഗൂഗിളിലെ അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്.  ഗാംബിയയിലെ സര്‍വകലാശാല കേരളത്തിലെ പൊതുപ്രവര്‍ത്തകയ്ക്ക് ഡിലിറ്റ് ബിരുദം നല്‍കിയതിന്‍റെ മാനദണ്ഡമെന്തെന്ന സംശയവും അവശേഷിക്കുന്നു. 

ഓപ്പണ്‍ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി  എന്ന ശ്രീലങ്ക ആസ്ഥാനമായ സ്ഥാപനം വ്യവസായികളടക്കം കേരളത്തില്‍ ഒട്ടേറെ പേര്‍ക്ക് ഡിലിറ്റ് ബിരുദം നല്‍കിയിട്ടുണ്ട്. ഇനി ഇവിടെ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെങ്കില്‍ അക്കാര്യവും ഡിലിറ്റ് നല്‍കിയ സാഹചര്യവും എന്തെന്നും ഷാഹിദ കമാല്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. വിവാദമുയര്‍ന്നതു മുതല്‍ വ്യക്തതയ്ക്കായി പല തവണ സമീപിച്ചെങ്കിലും ഫെയ്സ് ബുക്ക് വിശദീകരണത്തിനപ്പുറം  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് വനിതാ കമ്മിഷന്‍ അംഗം.

click me!