
തിരുവനന്തപുരം: വിദ്യാഭ്യാസയോഗ്യതയുടെ പേരിൽ വിവാദങ്ങളുണ്ടാക്കി തന്നെ വേട്ടയാടാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വനിതാ കമ്മീഷൻ അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ലെന്നും താൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഷാഹിദ കമാൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട പരാതി നിലനിൽക്കില്ലെന്ന് ലോകായുക്ത ഓപ്പൺ കോടതിയിൽ പറഞ്ഞെന്ന് ഷാഹിദാ കമാലിൻ്റെ അഭിഭാഷകൻ അഡ്വ.രാജേഷ് മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യം ഉടനെ ഉത്തരവായി പുറത്തിറങ്ങുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഷാഹിദാ കമാലിൻ്റെ വാക്കുകൾ -
എന്നെ വ്യക്തിഹത്യ നടത്തുകയാണ് ഇവിടെ, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ചില പിഴവുകളുണ്ടായി. അതിൻ്റെ പേരിൽ തനിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. വനിതാ കമ്മീഷൻ അംഗമാകാൻ വിദ്യാഭ്യാസയോഗ്യത ഒരു മാനദണ്ഡമല്ല. താൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വിവാദങ്ങൾ പരത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്.
ഒരു വർഷം മുൻപേ തന്നെ വിവാദങ്ങൾ സംബന്ധിച്ച ചില സൂചനകൾ തനിക്ക് കിട്ടിയിരുന്നു. എന്നാൽ അന്ന് താൻ അതിനെ ഗൗരവമായി എടുത്തില്ല. മൂന്ന് പേരെ വേട്ടയാടാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചു. അതിൽ ഒന്നാമത്തെ പേരുകാരൻ കെ.ടി.ജലീലാണ്. മൂന്നാമത്തെ പേരായിരുന്നു തൻ്റേത്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് എത്തുന്ന വിശ്വാസികളായ നേതാക്കളെയാണ് ചില കേന്ദ്രങ്ങൾ ഉന്നം വച്ചത്. ന്യൂനപക്ഷങ്ങൾ സിപിഎമ്മിലേക്ക് എത്തിയാൽ അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് മാനസികമായി തകർക്കാൻ ശ്രമിക്കുന്നത്. കൃത്യമായ അജണ്ട ഈ നീക്കത്തിന് പിന്നിലുണ്ട്. വേട്ടയാടൽ കൊണ്ട് ഗുണം മാത്രമേയുള്ളൂ. വിശ്വാസികൾ സിപിഎമ്മിലേക്ക് വരുന്നതിനോട് വിയോജിപ്പുള്ളവരാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. തന്നെ വേട്ടയാടാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടി വരെ തനിക്ക് സംരക്ഷണം നൽകുന്നു
കേരള സർവകലാശാലയിൽ നിന്ന് താൻ ബികോം പൂർത്തിയാക്കായിട്ടില്ല. പിന്നീട് അണ്ണാമലയിൽ നിന്നാണ് കോഴ്സ് പൂർത്തിയാക്കിയത്. കസാഖിസ്ഥാൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഫിലോസഫിയിൽ ഡോക്ടറേറ്റ് ലഭിച്ചത്. അണ്ണാമലൈയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. വിയറ്റ്നാമിൽ വച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ച ചടങ്ങ് നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam