
പാലക്കാട്: പാലക്കാട് സിപിഎം നേതാവ് ഷാജഹാൻ വധക്കേസിൽ നിർണായക തെളിവ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണാണ് പൊലീസ് കണ്ടെടുത്തത്. പ്രതികൾ ഒളിച്ചിരുന്ന മല അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകൾ ഒളിപ്പിച്ചത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകള്‍ കണ്ടെത്തിയത്. പ്രതികളെ ഒളിവില്‍ സഹായിച്ച ആളാണ് ജിനേഷ്. ബിജെപിയുടെ പ്രാദേശിക ഭാരവാഹിയാണ് ഇയാള്‍. കേസിൽ 11-ാം പ്രതിയായ ജിനേഷിന്‍റെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. അതേസമയം, ഇന്നലെ അറസ്റ്റിലായ ആവാസ് ആര്‍എസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കേസിൽ ബിജെപി ബൂത്ത് ഭാരവാഹി ഉൾപ്പെടെ നാല് പേരാണ് ഇന്നലെ അറസ്റ്റിലായത്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർഥൻ, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, ഷാജഹാൻ വധക്കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. സിദ്ധാർഥ്, ആവാസ് എന്നീ പ്രതികൾക്കെതിരെ കൊലയാളികൾക്ക് ആയുധം കൈമാറി, ഗൂഢലോചനക്കുറ്റം എന്നിവയാണ് ചുമത്തിയത്. ജിനേഷ്, ബിജു എന്നിവർ പ്രതികൾക്ക് ഒളിച്ചുകഴിയാൻ സഹായം ചെയ്തു, തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന് തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തിട്ടുള്ളത്. ഇതിൽ ജിനേഷ് ബിജെപിയുടെ ചേമ്പന ബൂത്ത് ഭാരവാഹിയാണ്. ആവാസിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കോടതിയിൽ പരാതി നൽകിയിരുന്നു. ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കാണാനില്ലെന്ന് പരാതി നല്‍കിയ ജയരാജിനെക്കുറിച്ച് ഇതുവരെ പൊലീസ് ഒന്നും പറയുന്നില്ല.
സ്വാതന്ത്ര്യദിനത്തിന് തലേന്ന് രാത്രി കുന്നംങ്കാട് ജംഗ്ഷനില്‍ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam