
വയനാട്: ക്ലാസിൽ നിന്ന് പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല മരിക്കാനിടയായ സംഭവത്തിൽ സർവജന സ്കൂളിന്‍റെ പ്രിൻസിപ്പാളിനെയും വൈസ്പ്രിൻസിപ്പാളിനെയും സസ്പെൻഡ് ചെയ്തു. സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ നടപടി. സ്കൂൾ പ്രിൻസിപ്പാൾ എ കെ കരുണാകരൻ, ഹൈസ്കൂളിന്‍റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പാൾ കെ കെ മോഹനൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. യു പി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെയാണ് ഇന്നലെ തന്നെ സസ്പെൻഡ് ചെയ്തത്. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകാനും ഇന്നലെ തീരുമാനമായിരുന്നു.
പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. അതിനാലാണ് വകുപ്പുതല നടപടിയുടെ ഭാഗമായി അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
ഇതിനിടെ ഷഹലയ്ക്ക് പാമ്പ് കടിയേറ്റത് പൊളിക്കാനിരുന്ന കെട്ടിടത്തിലെ ക്‌ളാസ് മുറിയിൽ വച്ചാണെന്ന വിശദീകരണവുമായി ബത്തേരി നഗരസഭ ചെയർമാൻ രംഗത്തെത്തി. ക്ലാസ് മുറി നന്നാകാതിരുന്നത് ഭാവിയിൽ പൊളിക്കണം എന്നു തീരുമാനിച്ചിരുന്നത് കൊണ്ടാണെന്നാണ് വിശദീകരണം. സർക്കാർ കിഫ്ബി വഴി 1 കോടി രൂപ നൽകുമെന്ന് 4 മാസം മുൻപ് അറിയിച്ചിരുന്നെന്നും എന്നാൽ മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും ബത്തേരി നഗരസഭാ ചെയർമാൻ ടി എൽ സാബു പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam