Latest Videos

ഷാജും ഇബ്രാഹിമും കേരളം വിട്ടു; പോയത് ഫോണില്‍ നിന്ന് ഡിലീറ്റായ വീഡിയോ തിരിച്ചെടുക്കാനെന്ന് ഇബ്രാഹിം

By Web TeamFirst Published Jun 11, 2022, 7:28 AM IST
Highlights

 ഇന്നലെ രാത്രി തമിഴ്നാട്ടിലെത്തിയെന്ന് ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: സർക്കാരിന്‍റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടില്‍. ഇന്നലെ രാത്രി തമിഴ്നാട്ടിലെത്തിയെന്ന് ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും നാളെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. അറസ്റ്റില്‍ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു. 

മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിട്ടും ഷാജ് കിരണിനെതിരായ അന്വേഷണത്തിൽ പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എന്നാൽ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം പുറത്തുവന്ന ഓഡിയോയിലുണ്ട്. ഷാജ് കിരണിന്‍റെ ആരോപണങ്ങളിൽ ബിലീവേഴ്സ് ചർച്ച് അധികൃതർ ഇന്ന് പരാതി നൽകിയേക്കും. പരാതി കിട്ടിയാൽ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമായതോടെ എഡിജിപി അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് സർക്കാർ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. കേസിൽ ഒരു ഉദ്യോഗസ്ഥന്‍റെ മാത്രം ഇടപെടലായി ഇതിനെ ചുരുക്കുവാനുള്ള സ‍ർക്കാർ നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

click me!