ചിതറ കൊലപാതകം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് ഷാജഹാന്‍ നല്‍കിയ പരാതി പുറത്ത്

By Web TeamFirst Published Mar 4, 2019, 11:05 AM IST
Highlights

അന്ന് ഷാജഹാന് വേണ്ടി ഹാജരായത് വളവുപച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി സുലൈമാനാണെന്നുമാണ് ലഭിക്കുന്ന വിവരം. 

കൊല്ലം: ചിതറ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലെന്ന ആരോപണം ദുര്‍ബലപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തന്നെ മര്‍ദ്ദിച്ചെന്ന് പ്രതി ഷാജഹാന്‍ നേരത്തേ പൊലീസില്‍ പരാതി നല്‍കിയതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരാതി കടക്കല്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തുകരുമായി പ്രതി ഷാജഹാന്  പ്രശ്നം നിലനിന്നിരുന്നു. രണ്ട് വര്‍ഷം മുമ്പത്തേ കേസ് ആണ് ഇത്. അന്ന് ഷാജഹാന് വേണ്ടി ഹാജരായത് വളവുപച്ച ബ്രാഞ്ച് സെക്രട്ടറി സുലൈമാനാണെന്നുമാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. സിപിഎം, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ കണ്ട് പൊലീസ് ഇന്ന് മൊഴിയെടുക്കും. 

ഇതിനിടെ ചിതറ കൊലപാതകം പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്‍ പൊലീസിന് മൊഴി നല്‍കി. തെളിവെടുപ്പിനിടെയാണ് ഷാജഹാൻ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. താൻ എത്തിയ സമയത്ത് ബഷീർ കുളിച്ച് കൊണ്ട് നിൽക്കുകയായിരുന്നെന്നും കൊല്ലാൻ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും ഷാജഹാൻ പറഞ്ഞു. ഇന്നലെ വൈകീട്ട് പ്രതിയെ ബഷീറിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴാണ് ഷാജഹാൻ വെളിപ്പെടുത്തൽ നടത്തിയത്.

കപ്പ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിൽ ബഷീർ മർദ്ദിച്ചതിന്‍റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നും ഷാജഹാൻ പറഞ്ഞു. ഷാജഹാനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നുള്ളതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. സിപിഎം കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ബഷീറിനെ കുത്തിക്കൊന്ന ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎമ്മും ഷാജഹാന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കോൺഗ്രസും ആവർത്തിക്കുന്നു. എന്നാൽ, രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്‍റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്‍റെ സഹോദരി അഭിസാ ബീവി നിഷേധിച്ചിരുന്നു. നേരത്തെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിതിനെ തുടർന്ന് മൂന്നര മണിയോടെ വീട്ടിലെത്തിയ ഷാജഹാൻ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ബഷീറിന്‍റെ ശരീരത്തിൽ ഒമ്പത് മുറിവുകളാണ് ഉള്ളത്. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണകാരണമായത്. കോൺഗ്രസ് പ്രവർത്തകനാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎമ്മിന്‍റെ ആരോപണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ബഷീറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം, കടയ്ക്കലിൽ സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

click me!