ഓഡിയോ പുറത്തുവന്നാൽ ഉടൻ പ്രതികരിക്കില്ല, ജീവന് ഭീഷണി; ഷാജ് കിരൺ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി

Published : Jun 10, 2022, 03:03 PM ISTUpdated : Jun 10, 2022, 03:11 PM IST
ഓഡിയോ പുറത്തുവന്നാൽ ഉടൻ പ്രതികരിക്കില്ല, ജീവന് ഭീഷണി; ഷാജ് കിരൺ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി

Synopsis

സ്വപ്നയും താനും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾ ഒന്നര മണിക്കൂറിലും ഏറെയുണ്ടെന്നും ഷാജ് കിരൺ 

കൊച്ചി: താനുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടാൻ അൽപ സമയം ബാക്കിയിരിക്കെ ഷാജ് കിരൺ യമോപദേശം തേടി. ഇദ്ദേഹം കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. അഭിഭാഷകരുടെ നിർദ്ദേശപ്രകാരം ആയിരിക്കും തുടർനടപടിയെന്ന് ഷാജ് കിരൺ വ്യക്തമാക്കി. ഓഡിയോ  പുറത്തു വന്നാൽ ഉടൻ പ്രതികരിക്കാനില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ട്. സ്വപ്നയും താനും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾ ഒന്നര മണിക്കൂറിലും ഏറെയുണ്ടെന്നും ഷാജ് കിരൺ.

അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna Suresh) ജോലി ചെയ്യുന്ന എച്ച് ആർ ഡി എസ് (HRDS) എന്ന കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി വന്നിട്ടുണ്ട്. എച്ച്ആർഡിഎസിന്റെ ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കടവന്ത്ര സ്വദേശി സിപി ദിലീപ് നായരാണ് വിജിലൻസ് ഡയറക്ടർക്കും ലോ ആൻഡ് ഓർഡർ എഡിജിപിക്കും പരാതി നൽകിയത്. 

സൗദി അറേബ്യയിൽ നിന്നും കമ്പനി നടത്തിയ ഇറക്കുമതിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ആരോപണം. അജികൃഷ്ണൻ ക്രമക്കേടുകൾ നടത്തിയെന്ന്  നേരത്തെ എച്ച് ആർ ഡി എസ് മുൻ ചെയര്‍മാൻ എസ് കൃഷ്ണകുമാറും ആരോപിച്ചിരുന്നു.

വിശദീകരണം നൽകാൻ സിപിഎം

സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ വിശദീകരണത്തിന് സിപിഎം. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം വാദം. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിവാദം. കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട് തുറന്നു കാണിക്കണമെന്നും യോഗത്തില്‍ തീരുമാനമുയര്‍ന്നു. 

മുഖ്യമന്ത്രിയുടെ രാജിയാവശ്യം ശക്തമാകുന്നു

അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക്  കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.  പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. രണ്ട് പൊലീസുകാർക്കും ഒരു ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു.

കോട്ടയം കളക്ട്രേറ്റിലേക്ക് കോൺഗ്രസ്  നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പിയും എറിഞ്ഞു.  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളി അകത്ത് കയറാൻ ശ്രമിച്ച ഒരു പ്രവർത്തകന് പരിക്കേറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ  പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും സംഘർ‍ഷമുണ്ടായി. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ്  ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ വയനാട് കോഴിക്കോട് പാത ഉപരോധിച്ചിച്ചെങ്കിലും നേതാക്കളിടപെട്ട് പിന്തിരിപ്പിച്ചു. മുന്നറിയിപ്പില്ലാതെയാണ്  മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

തൃശ്ശൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേട് തള്ളി മാറ്റി. കളക്ട്രേറ്റിന് ഉള്ളിലേക്ക് കടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചു. റോ‍ഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  ചാലക്കുടി എംപി ബെന്നി ബെഹ്നാൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. പതിനൊന്ന് മണിയോടെയാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചായി എത്തിയത്. സ്ത്രീകളടക്കം അഞ്ഞൂറോളം പ്രവർത്തകരാണ് മാർച്ചിലുണ്ടായിരുന്നത്. കെപിസിസി നിർവ്വാഹക സമിതി അംഗം എം ലിജു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പൊലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. പ്രവർത്തകർ പൊലീസ് വാഹനത്തിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് സംയമനം പാലിച്ചതോടെ വലിയ സംഘർഷ സാധ്യത ഒഴിവായി. 12. 30 ഓടെ പ്രവർത്തകർ കളക്ട്രേറ്റ് പരിസരത്ത് നിന്നും പിരിഞ്ഞുപോയി. 

കണ്ണൂരിലെ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംഘര്‍ഷമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസഡിന്‍റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കെ സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം