Shammy Thilakan : 'അമ്മ' അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് ഷമ്മി തിലകൻ

By Web TeamFirst Published May 17, 2022, 11:13 AM IST
Highlights

താരസംഘടനയ്ക്ക് നടൻ കത്ത് നൽകി, ഇന്ന് ഷൂട്ടിംഗ് തിരക്കുണ്ടെന്നും വിശദീകരണം

കൊച്ചി: താരസംഘടനയായ 'അമ്മ' നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ. ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് നടൻ 'അമ്മ'യ്ക്ക് കത്ത് നൽകി. കൊച്ചിയിൽ നടന്ന 'അമ്മ' ജനറൽബോഡി മീറ്റിംഗിനിടെ നടന്ന ചർച്ചകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം അച്ചടക്ക സമിതിക്ക് വിട്ടത്. യോഗദ്യശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെയാണ് തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിട്ടത്. തുടർന്ന് അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും ഷമ്മി തിലകൻ  കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പ് ഇറക്കി. 

യുവനടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ (Vijay Babu) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരം ഉൾപ്പെടുത്തിയത്. 'മീ റ്റൂ'  ആരോപണം നേരിടുന്ന വിജയ് ബാബുവിനൊപ്പം  തന്റെ പേരും ഉൾപ്പെടുത്തിയതിനെതിരെ ഷമ്മി തിലകനും (Shammy Thilakan)  രംഗത്തെത്തിയിരുന്നു. വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണിതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഷമ്മി തിലകൻ ഇതിന് പിന്നാലെ രംഗത്തെത്തിയത്. ഒപ്പം അച്ചടക്ക സമിതി പരിഗണിക്കുന്ന വിഷയം  'മീ റ്റൂ' ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള I.C.C യുടെ നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്..? എന്നും ഷമ്മി തിലകൻ ചോദിച്ചിരുന്നു

പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി തനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ  പ്രസ്താവന നടത്തിയത്, സമൂഹത്തിന്റെ മുമ്പിൽ തന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.  ഈ സാചഹര്യത്തിൽ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയും, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്താനും ജനറൽ സെക്രട്ടറി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

വായിക്കാം വിശദമായി

Shammy Thilakan : 'പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢ താൽപര്യം'; 'അമ്മ'യ്‌ക്കെതിരെ ഷമ്മി തിലകൻ

click me!