
കൊച്ചി: കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു പ്രതികൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കർ ആണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ദുബൈയിൽ ഉള്ള വരൻ അൻവറിന്റെ അച്ഛനെന്ന വ്യാജേന നടിയുടെ വീട്ടിലെത്തിയത് അബൂബക്കർ ആയിരുന്നു. കേസിൽ അറസ്റ്റിലായ മുഖ്യ പ്രതികളിൽ ഒരാളായ റഫീഖിന്റെ ബന്ധുവാണ് അബൂബക്കർ. ഇതോടെ കേസിൽ പൊലീസ് പിടിയിലായവരുടെ എണ്ണം ആറായി.
കേസിൽ മറ്റൊരു പ്രതിയും ഇന്ന് പൊലീസിന്‍റെ പിടിയിലായി. കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശി അബദുൾ സലാമിനെയാണ് ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷംന കാസിമിന്‍റെ വീട്ടിൽ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തിൽ അബദുൾ സലാമും ഉൾപ്പെട്ടിരുന്നു. കേസിൽ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങാനെത്തിയത്. അബദുൾ സലാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
കേസിൽ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ കേസിൽ കൂടുതൽ പേർ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. ഷംനാ കാസിമിന്‍റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡൽ അടക്കമുള്ളവർ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. പ്രതികൾ സ്വർണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു. നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. തട്ടിപ്പ് സംഘം എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam