ഷെയ്ൻ വിവാദം: മമ്മൂട്ടിയെയും മോഹൻലാലിനെയും സമീപിക്കാൻ ഫെഫ്കയും അമ്മയും

By Web TeamFirst Published Nov 30, 2019, 12:39 PM IST
Highlights

മോഹൻലാൽ , മമ്മൂട്ടി തുടങ്ങിയ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ഫെഫ്കയും താരസംഘടനയായ അമ്മയും ശ്രമിക്കുന്നത്. 

കൊച്ചി: ഷെയ്ന് നിഗത്തിനെതിരെയുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിൻവലിപ്പിക്കാൻ നീക്കങ്ങൾ സജീവം. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകും. വിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നുമായി ബന്ധപ്പെട്ടവർ ഫെഫ്കയ്ക്കും കത്ത് നൽകും.

വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളെ തുടർന്ന് ഷെയ്നെ വിലക്കിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകാൻ അമ്മ സംഘടന ഒരുങ്ങുന്നത്.

ഷെയ്നിനെ വിലക്കാൻ ആർക്കും അധികാരമില്ല, പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇടവേള ബാബു

പ്രത്യേക യോഗം ചേർന്ന് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഷെയ്നിന്റെ പ്രായം പരിഗണിച്ച് തെറ്റ് തിരുത്താൻ അവസരം നൽകണമെന്നും താരസംഘടനമായ അമ്മ ആവശ്യപ്പെടും. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ഫെഫ്കയും താരസംഘടനയായ അമ്മയും ശ്രമിക്കുന്നത്. സമവായ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ തയ്യാറാണെന്ന് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ കത്തിലൂടെ അറിയിക്കും.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ അവസരമൊരുക്കണമെന്നും ഫെഫ്ക ആവശ്യപ്പെടും. വെയിൽ, ഖുർബാനി സിനിമകൾ ഉപേക്ഷിക്കരുതെന്നും ഇരു ചിത്രങ്ങളുടെ സംവിധായകരെ കൂടി ഓർക്കണമെന്നും ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകുന്ന കത്തിൽ ആവശ്യപ്പെടുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.

click me!