
ആലപ്പുഴ: ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ഷാനിമോൾ ഉസ്മാൻ. ഫ്ലാറ്റ് തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും അവർ വ്യക്തമാക്കി. ബെംഗളൂരു പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച ബെംഗളൂരു സ്വദേശി ജോസഫ് ചാക്കോയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി ജി പിക്കടക്കം പരാതി നൽകിയതെന്ന് അവർ വിവരിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ നീക്കമാണ് തനിക്കെതിരെ ഉണ്ടായത്. ഫ്ലാറ്റ് തട്ടിപ്പ് ആരോപണം ഉന്നയിച്ചുള്ള വാർത്താസമ്മേളനം പോലും ആസൂത്രിതമാണ്. നിയമപരമായി ഇത് നേരിടുമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. തകർക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. വ്യജ ആരോപണം ഉന്നയിച്ചവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആലപ്പുഴയിലെ വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഷാനിമോൾ പ്രതികരണവുമായി രംഗത്തെത്തിയത്.
ബെംഗളൂരു സ്വദേശി ജോസഫ് ചാക്കോയടക്കമുള്ള പ്രവാസികളാണ് ഷാനിമോൾക്കെതിരെ ഫ്ലാറ്റ് തട്ടിപ്പ് ആരോപണം ഉയർത്തിയത്. തങ്ങളുടെ 100 കോടി വിലമതിക്കുന്ന ഹോട്ടൽ ക്രൗൺ പ്ലാസ ഫ്ലാറ്റ് സമുച്ചയം മകളുടെയും മരുമകന്റെയും പേരിൽ ഷാനിമോൾ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്ക് പരാതി നൽകിയെന്നും ജോസഫ് ചാക്കോയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam