'ഷാനിമോൾ മകളെ പോലെ, 'ചുണക്കുട്ടി' ബിന്ദു കൃഷ്ണ മന്ത്രി, കുടുംബമില്ലാത്ത എനിക്ക് സ്നേഹം പകരുന്നത് ഇവർ'; ചെറിയാൻ ഫിലിപ്പ്

Published : Jun 02, 2026, 12:27 PM IST
shanimol usman is like my daughter says cherian philip

Synopsis

നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ മകളെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് 

തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ മകളെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു എന്നും 'ചുണക്കുട്ടി' യെന്ന് ഞാൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ് സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ് എന്നും ചെറിയാൻ ഫിലിപ്പ് ഫേസ് ബുക്കിൽ കുറിച്ചു.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവനിലേക്കെത്തിയെ എംഎൽഎമാരെയെല്ലാം ആലിം​ഗനം ചെയ്യാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത. വനിതാ എംഎൽഎമാരെയടക്കം കെട്ടിപ്പിടിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ നടപടി വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ‌ വൈറലായി. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും ബിന്ദു കൃഷ്ണ ഒഴിഞ്ഞുമാറുന്നതുമായ വീഡിയോയാണ് പ്രചരിച്ചത്. മാധ്യമങ്ങളോട് സംസാരിച്ച ശേഷം എത്തിയ ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് അവരെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. എന്നാൽ, ബിന്ദു കൃഷ്ണ അതൃപ്തി പ്രകടമാക്കി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിം​ഗനം ചെയ്യാൻ ശ്രമിച്ചു. ഇത് വ്യാപക വിമർശനത്തിന് ഇടയാക്കി.

ചെറിയാൻ ഫിലിപ്പ് പറയുന്നത്

നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ സഹോദരിയെന്നതിനേക്കാൾ എനിക്കെന്നും മകളെ പോലെയാണ്. 1988-ൽ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു. ലയോള കോളജിൽ നിന്നും എം.എ പാസ്സായപ്പോൾ തന്നെ നിയമപഠനത്തിന് ഷാനിമോളെ ഞാനും പ്രേരിപ്പിച്ചിരുന്നു. മഹിളാ കോൺഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ഷാനിമോൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴെല്ലാം പിതൃതുല്യമായ ചാരിതാർത്ഥ്യത്തോടെയാണ് ഞാൻ വീക്ഷിച്ചിരുന്നത്.

1990-ൽ ശാസ്താംകോട്ടയിൽ നടന്ന ഒരു കെ.എസ് .യു ക്യാമ്പിൽ എന്‍റെ പ്രഭാഷണത്തിനു ശേഷം ചോദ്യങ്ങൾ തുടരെ ഉന്നയിച്ചപ്പോൾ 'ചുണക്കുട്ടി' യെന്ന് ഞാൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ്. മൂന്നുപതിറ്റാണ്ട് മുമ്പ് ഞാൻ ഷൊർണ്ണൂരിലെത്തിയാൽ എപ്പോഴും തങ്ങുന്നത് വി കെ. ശ്രീകണ്ഠന്‍റെ വസതിയിലാണ്. ശ്രീകണ്ഠൻ എം പി വിവാഹം കഴിയ്ക്കുന്നതിനു മുമ്പുതന്നെ കെ.എസ്.യു പ്രവർത്തകയെന്ന നിലയിൽ അറിയാമായിരുന്ന പക്വമതിയായ കെ.എ.തുളസി ഇപ്പോൾ മന്ത്രിയാണ്. 1978 ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണിയോടൊപ്പം ഞാൻ കണ്ട ചോരക്കുഞ്ഞാണ് ജെബി മേത്തർ എം.പി.1980-ൽ ഞാൻ കെ.എസ്.യു പ്രസിഡണ്ടായിരുന്നപ്പോൾ എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രാർത്ഥനാ ഗാനം അതിമനോഹരമായി ആലപിച്ചപ്പോൾ എല്ലാവരും അഭിനന്ദിച്ച അന്നത്തെ പാവാടക്കാരിയാണ് തൃക്കാക്കരയിൽ നിന്നും വീണ്ടും വൻ വിജയം നേടിയ ഉമ തോമസ്.

പെങ്ങൾ കുട്ടി എന്ന് വിളിക്കുന്ന രമ്യാ ഹരിദാസും, പോരാളിയായ വിദ്യാ ബാലകൃഷ്ണനും ഇപ്പോൾ എം.എൽ.എ മാരാണെങ്കിലും എനിക്ക് മക്കൾ തന്നെയാണ്. ഇന്ന് കോൺഗ്രസിന്‍റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും ഞാൻ എപ്പോഴും ആഗ്രഹിച്ച കോൺഗ്രസിലെ ഒരു തലമുറ മാറ്റത്തിന്‍റെ പ്രതീകങ്ങളാണ്. ഇവരുടെയെല്ലാം രാഷ്ട്രീയ വളർച്ചയിൽ അഭിമാനിക്കുന്നു. സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. ഇവർക്കെല്ലാം മരണം വരെ എന്‍റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഴിയരികിൽ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റ് 21കാരൻ, സംഭവം മലപ്പുറത്ത്
പുതിയ ഇടത് ഭരണ സമിതി വന്നിട്ടും മാറ്റമില്ല; കോടികള്‍ തട്ടിയ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് മുടക്കമില്ലാതെ പലിശ പോലും നല്‍കാനാവുന്നില്ല