പിഎസ്‍സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയത് അംഗീകരിക്കാനാകില്ല: വിഡി സതീശൻ

Published : Feb 19, 2025, 06:55 PM IST
പിഎസ്‍സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയത് അംഗീകരിക്കാനാകില്ല: വിഡി സതീശൻ

Synopsis

തുച്ഛ വേതനത്തിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്നവരാണ് ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തതെന്നും സതീശൻ വിമർശിച്ചു

തിരുവനന്തപുരം: പി.എസ്.എസി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുച്ഛ വേതനത്തിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്നവരാണ് ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തതെന്നും സതീശൻ വിമർശിച്ചു. അടിസ്ഥാനവര്‍ഗത്തിന്റെ ആനുകൂല്യങ്ങള്‍ നിരന്തരം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണെന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ നട്ടംതിരിയുന്നതിനിടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും അനിയന്ത്രിതമായി വര്‍ധിപ്പിക്കാനുള്ള മന്ത്രസഭ യോഗത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ല. ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന തുച്ഛ വേതനത്തിനും വേതന വര്‍ധനവിനും വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകള്‍ പത്തു ദിവസമായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന അതേ സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചു നല്‍കിയിരിക്കുന്നത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണെന്നത് മറക്കരുത്. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മാസങ്ങളോളം പെന്‍ഷന്‍ നല്‍കാതിരുന്നു. ഇപ്പോഴും മൂന്നു മാസത്തെ കുടിശികയുണ്ട്. ജീവക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശകയാണ് നിലവിലുള്ളത്. ഖജനാവില്‍ പണമില്ലാത്തതില്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളുടെ പദ്ധതി വിഹിതം പോലും ചരിത്രത്തില്‍ ആദ്യമായി വെട്ടിക്കുറച്ച സര്‍ക്കാരാണ് രാഷ്ട്രീയ നിയമനത്തിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തത്. സര്‍ക്കാര്‍ നടത്തിയ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. എന്നിട്ടും അതിന്റെ പാപഭാരം മുഴുവനായി നികുതിയും സെസും നിരക്ക് വര്‍ധനകളുമായി സാധാരണക്കാരുടെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. അര്‍ഹമായ തസ്തികകള്‍ അനുവദിക്കാതെയും ആനുകൂല്യങ്ങള്‍ പിടിച്ചുവച്ചും പി.എസ്.സിയിലെ സാധാരണ ജീവനക്കാരെ ദ്രോഹിക്കുന്ന അതേ സര്‍ക്കാരാണ് ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയത്. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണെന്ന് ഈ ഒരൊറ്റ മന്ത്രിസഭാ തീരുമാനത്തിലൂടെ വ്യക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി തൂങ്ങിമരിച്ചു
നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും