തരൂരിന് മറുപടിയുമായി ലീഗ്; ആൻറണി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടി, തുറന്നടിച്ച് എംഎം ഹസൻ

Published : Feb 16, 2025, 11:33 AM IST
തരൂരിന് മറുപടിയുമായി ലീഗ്; ആൻറണി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടി, തുറന്നടിച്ച് എംഎം ഹസൻ

Synopsis

ലേഖന വിവാദത്തിൽ ശശി തരൂര്‍ എംപിക്ക് ശക്തമായ മറുപടിയുമായി മുസ്ലീം ലീഗ്. താൻ വ്യവസായി മന്ത്രിയായ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. അതേസമയം, തരൂരിനെതിരെ തുറന്നടിച്ച് എംഎം ഹസനും രംഗത്തെത്തി.

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുള്ള ലേഖന വിവാദത്തിൽ ശശി തരൂര്‍ എംപിക്ക് ശക്തമായ മറുപടിയുമായി മുസ്ലീം ലീഗ്. താൻ വ്യവസായി മന്ത്രിയായ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. അതേസമയം, തരൂരിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസനും രംഗത്തെത്തി. സ്വന്തം മണ്ഡലത്തിലെ സംരംഭകരോട് എങ്കിലും തരൂർ സംസാരിച്ചിരുന്നുവെങ്കിൽ ലേഖനം എഴുതുമായിരുന്നില്ലെന്നും തരൂരിന് ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി.


എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിന്‍റെ വ്യവസായ ഭൂപടം മാറിയതെന്ന് പികെ  കുഞ്ഞാലിക്കുട്ടി പറഞ്ഞു. എകെ ആന്‍റണി മന്ത്രിസഭയിൽ താൻ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പികെ  കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു. കിൻഫ്രയും ഇന്‍ഫോപാര്‍ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് പ്രതിപക്ഷത്തായപ്പോള്‍ ആ നിലപാടല്ല സ്വീകരിച്ചത്.  

വികസനത്തിൽ സഹകരിച്ചവരാണ് യുഡിഎഫ്. ഇടതുപക്ഷം യുഡിഎഫ് സര്‍ക്കാരുമായി സഹകരിച്ചില്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലാത്തതിന് കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവര്‍ക്കാണ് ചേരുക. വ്യവസായ നയങ്ങളിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം യുഡിഎഫ് ആണ്. ഇടതുപക്ഷമാണ് തടസം നിന്നത്. നെഗറ്റീവ് നിലപാടായിരുന്നു അന്ന് ഇടതുപക്ഷം സ്വീകരിച്ചത്.

രാഷ്ട്രീയ വിമര്‍ശനം പറയേണ്ട വേദിയിൽ പറയും. ശശി തരൂര്‍ ഇന്ന് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ സാഹചര്യം ലീഗ് ഗൗരവത്തോടെയാണ് കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് പറയേണ്ട സ്ഥലത്ത് പറയാൻ കെൽപ്പുള്ള പാര്‍ട്ടിയാണ് ലീഗ്. യുഡിഎഫ് സര്‍ക്കാരിന്‍റെ എല്ലാ വികസന പദ്ധതികളും ഇടതുപക്ഷം തടഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് യുഡിഎഫുണ്ടാക്കിയ വികസനം ഒമ്പതുവര്‍ഷമായിട്ടും എൽഡിഎഫിന് സാധ്യമായിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ശശി തരൂരിന് ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്ന് എംഎം ഹസൻ

പാർട്ടിയുടേയും മുന്നണിയുടെയും നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായം പറയണമെങ്കിൽ ശശിതരൂർ വർക്കിങ് കമ്മിറ്റിയിൽ നിന്ന് ഒഴിയാൻ മാന്യത കാട്ടണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂർ ഓരോന്ന് എഴുതുന്നതും പറയുന്നതും. ലേഖനത്തിലെ ഉള്ളടക്കം അവാസ്തവവും അടിസ്ഥാന രഹിതവുമാണ്.

മണ്ഡലത്തിൽ അന്വേഷിച്ചാൽ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാൻ പറ്റുമെന്നും എം.എം. ഹസൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മോദിയെ പുകഴ്ത്തിയതിലും എംഎം ഹസൻ തരൂരിനെ വിമര്‍ശിച്ചു. കുടിയേറ്റക്കാരെ കയ്യാമം വെച്ചു കൊണ്ടുവന്നപ്പോൾ ഒരക്ഷരം മിണ്ടിയോ തരൂർ? അടച്ചിട്ട മുറിയിൽ ട്രംപിനോട് മോദി പറഞ്ഞത് തരൂർ എങ്ങനെ അറിഞ്ഞു? തരൂരിന് എന്താ ദിവ്യ ശക്തിയുണ്ടോയെന്നും ഹസൻ ചോദിച്ചു.

'നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനം'; നിലപാട് മയപ്പെടുത്തി ലേഖനത്തെ ന്യായീകരിച്ച് വീണ്ടും ശശി തരൂര്‍

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ കേരളത്തിന് ആദ്യ അംഗം; അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു
വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം; ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ