
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്‍റെ ലേഖനം വിവാദമായതിന് പിന്നാലെ പിന്തുണയുമായി ഇടതുനേതാക്കള്‍. ശശി തരൂര്‍ എംപിയെ പുകഴ്ത്തികൊണ്ട് എകെ ബാലൻ രംഗത്തെത്തിയപ്പോള്‍ ശശി തരൂര്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്നും അതിലൊരു തെറ്റുമില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാലും മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനും പറഞ്ഞു.
ലോകം അറിയുന്ന ബുദ്ധിജീവിയാണ് തരൂരെന്നും നാലു വര്‍ഷം തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും എകെ ബാലൻ പുകഴ്ത്തി. മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും ലേഖനത്തിൽ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥ വസ്തുതയാണെന്നും എകെ ബാലൻ പറഞ്ഞു.
യഥാർത്ഥ വസ്തുത ആണ് ഡിഡബ്ല്യുസി അംഗമായ തരൂർ പറഞ്ഞത്. വസ്തുതകള്‍ നിരത്തിയാണ് അദ്ദേഹത്തെ വിമര്‍ശിക്കേണ്ടത്. ലോകത്തെ പ്രമുഖ അവാർഡുകൾ പിണറായി സർക്കാരിന് ലഭിച്ചിട്ടുണ്ട്. നിതി അയോഗിന്‍റെ റേറ്റിംഗിൽ നമ്പർ വൻ ആണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. കേരളം ഇന്ത്യക്ക് അഭിമാനമാണെന്നും അതിൽ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും ശശി തരൂരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് ദുഷ്ഠലാക്കാണെന്നും എകെ ബാലൻ വിമര്‍ശിച്ചു.
വിവരമുള്ള ആരും കോണ്‍ഗ്രസിൽ പാടില്ലെന്നാണോ നേതാക്കള്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെങ്കിൽ വസ്തുത വെച്ചുകൊണ്ടാണ് അതിനെ എതിര്‍ക്കേണ്ടത്. പികെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ 500 സ്ഥാപനങ്ങളിൽ 200 എണ്ണവും പൂട്ടി. എന്നിട്ട് തന്‍റെ കാലത്താണ് വികസനമെന്ന് സ്വയം പറയുകയാണ്. കേരളത്തിന്‍റെ വളർച്ചയെക്കുറിച്ച് പറഞ്ഞാൽ മൂന്നാം തവണയും ഇടതുപക്ഷം വരും എന്നാണ് ഭയം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തരൂർ പറഞ്ഞതിൽ ധനമമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും അത് കേന്ദ്ര നയം കാരണമാണെന്നും എകെ ബാലൻ പറഞ്ഞു.
തരൂര്‍ പറഞ്ഞത് സത്യം-കെഎൻ ബാലഗോപാൽ
തരൂർ പറഞ്ഞത് കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്നതാണെന്നും ഫാക്ടാണ് പറഞ്ഞതെന്നും സത്യമാണതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം അടക്കം നേരിടുമ്പോഴാണ് കേരളം ഇതെല്ലാം ചെയ്യുന്നത്. എല്ലാ വികസനത്തെയും എതിർക്കുമെന്നതാണ്
കോൺഗ്രസ് നേതൃത്വത്തിന്‍റെ സമീപനം. കോൺഗ്രസ് സ്വന്തം സംസ്ഥാനത്തെ തകർക്കാനാണ് നോക്കുന്നത്. ശശി തരൂരിന്‍റെ രാഷ്ട്രീയത്തോട് അല്ല യോജിപ്പെന്നും പറഞ്ഞ കാര്യങ്ങളോടാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. തരൂർ പറഞ്ഞതിൽ എന്താണ് തെറ്റെന്നും വസ്തുതകള്‍ മനസിലാക്കിയതാണ് അദ്ദേഹം പറഞ്ഞതെന്നും അത് ശരിയാണെന്നും ഇപി ജയരാജൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam