
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ വലിയ വാക്പോരിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ച് ശശി തരൂര്‍ എംപി. പ്രചാരണ കാലത്തെ പരാമര്‍ശങ്ങളൊന്നും മനപൂര്‍വ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂര്‍ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമര്‍ശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നായിരുന്നു പന്ന്യന്‍റെ മറുപടി.
മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്, ഇവിടെ പന്ന്യന് എന്തുകാര്യം, ജയിക്കുമെന്നൊക്കെ പറയാനുള്ള ധൈര്യം പന്ന്യൻ രവീന്ദ്രനുണ്ടായല്ലോ എന്നെല്ലാമുള്ള തരൂരിന്‍റെ പരാമർശങ്ങളാണ് പന്ന്യനെ വേദനിപ്പിച്ചത്. പ്രചാരണ വേദിയിലെ രാഷ്ട്രീയ വിവാദമായി അത് മാറി. വോട്ടെടുപ്പ് ദിവസത്തോട് അടുപ്പിച്ച് പന്ന്യനും ആഞ്ഞടിച്ചു. തനിക്ക് വല്ലാത്ത വിഷമമുണ്ടെന്നും പറയാതിരിക്കാനാവില്ലെന്നും ഓക്സ്ഫോഡിൽ പഠിക്കുന്നത് മാത്രമാണോ കഴിവെന്നും പന്ന്യൻ ചോദിച്ചു.
വോട്ട് പെട്ടിയിലായപ്പോൾ എല്ലാവരും പലവഴി പിരിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയോഗിക്കപ്പെട്ട് തലസ്ഥാനം വിട്ട തരൂര്‍ ഒടുവിൽ പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ചു. ഒന്നും മനപൂര്‍വ്വമായിരുന്നില്ലെന്നും പന്ന്യനോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും തരൂരിന്‍റെ അനുനയം. വിമർശിച്ചത് സിപിഐയെ ആണെന്നും സിപിഐ എംപിയെക്കാൾ കോൺഗ്രസ് എംപിക്ക് പാർലമെൻറിൽ സംസാരിക്കാൻ അവസരം കിട്ടുമെന്ന നിലക്കായിരുന്നു പരാമർശമെന്നും തരൂരിന്‍റെ വിശദീകരണം. പ്രസ്ഥാനത്തെ കുറിച്ചായാലും അങ്ങനെ പറയരുതായിരുന്നുവെന്ന് പന്ന്യന്‍റെ മറുപടി.
കർണാടകയിൽ മോദി തരംഗമില്ല, സംസ്ഥാനത്ത് കോണ്‍ഗ്രസ് 20 സീറ്റുകളിൽ വിജയിക്കുമെന്ന് സിദ്ധരാമയ്യ
ചില വാക്കുകൾ വേദനിപ്പിച്ചെങ്കിലും ദേഷ്യമൊന്നും മനസിലില്ലെന്ന് പന്ന്യൻ വ്യക്തമാക്കി. തലസ്ഥാനത്ത് ഇനിയും നേരിട്ട് കാണാമെന്ന് പറഞ്ഞാണ് ഇടത് - വലത് സ്ഥാനാര്‍ത്ഥികൾ സംസാരം അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam