
ദില്ലി: ഇന്ത്യ-പാക് സംഘര്‍ഷത്തിൽ വെടിനിര്‍ത്തൽ ധാരണയിലടക്കം കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസ് യോഗത്തിൽ വിമര്‍ശനം. ശശി തരൂര്‍ പാര്‍ട്ടി ലൈൻ പാലിക്കണമെന്നാണ് യോഗത്തിൽ നേതൃത്വം മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി.ഇന്ത്യ-പാക് സംഘര്‍ഷത്തിലെ പാര്‍ട്ടി നിലപാട് ശശി തരൂര്‍ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും യോഗത്തിൽ നിര്‍ദേശിച്ചു.
യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും തരൂരിനെ ജയറാം രമേശ് തള്ളിപ്പറഞ്ഞു. തരൂർ പറയുന്നത് പാർട്ടി നിലപാടല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിൽ തരൂരിന്‍റേത് വ്യക്തിപരമായ നിലപാടാണെന്നും ജയറാം രമേശ് പറഞ്ഞു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ യുദ്ധസമയത്ത് അമേരിക്കക്ക് കീഴടങ്ങാത്തത് ഉയര്‍ത്തി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം ഉയര്‍ത്തിയപ്പോള്‍ അതിനെ പരസ്യമായി തള്ളികൊണ്ട് തരൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണിപ്പോള്‍ നേതൃത്വം രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് ശശി തരൂര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്.
ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെ നിരന്തരം വെട്ടിലാക്കിയാണ് ശശി തരൂര്‍ എംപി രംഗത്തെത്തിയത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല പാകിസ്ഥാന്‍ കാലു പിടിച്ചതു കൊണ്ടാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന മേോദിയുടെ വാദത്തെ തരൂര്‍ പിന്തുണച്ചിരുന്നു. 1971ലെ ഇന്ദിര ഗാന്ധിയുടെ യുദ്ധ വിജയത്തോട് ഓപ്പറേഷന്‍ സിന്ദൂറിനെ താരതമ്യപ്പെടുത്തിയുള്ള കോണ്‍ഗ്രസിന്‍റെ അവകാശവാദങ്ങളെയും തരൂര്‍ തള്ളിയിരുന്നു.1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാന്‍റെ ആയുധ ശേഖരം, സാങ്കേതിക വിദ്യ,നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം മാറിക്കഴിഞ്ഞെന്നും തരൂര്‍ നേതൃത്വത്തെ തിരുത്തിയത്.
വെടിനിര്‍ത്തലില്‍ ട്രംപിന്‍റെ അവകാശവാദങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ വീണ്ടും വരിഞ്ഞുമുറുക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ട്രംപ് വെറുതെ ക്രെഡിറ്റ് എടുക്കയാണെന്ന് തരൂര്‍ പറഞ്ഞ് വെച്ചത്. ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിന്‍റെ മധ്യസ്ഥത ആവശ്യപ്പെടില്ലെന്നും ക്രെഡിറ്റ് ആരും ആഗ്രഹിച്ച് പോകുന്നത് സ്വാഭാവികമാണെന്നുമുള്ള തരൂരിന്‍റെ പ്രതികരണവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. തരൂരിന്‍റെ ഈ നിലപാടിൽ യോഗത്തിൽ നേതാക്കള്‍ കടുത്ത അതൃപ്തി ഉയര്‍ത്തിയെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam