ശശി തരൂര്‍ മുന്നോട്ട് തന്നെ,കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ടില്ല, പത്രിക വാങ്ങി

By Web TeamFirst Published Sep 24, 2022, 1:07 PM IST
Highlights

നാമനിർദ്ദേശ പത്രിക സമർപ്പണത്തിൻ്റെ ആദ്യ ദിനം പ്രതിനിധിയെ അയച്ച് തരൂർ പത്രിക വാങ്ങി. 26 നോ അതിന് ശേഷമോ പത്രിക നൽകുമെന്ന് സൂചന.

ദില്ലി:കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണതതിനുള്ള നടപടികള്‍ തുടങ്ങി. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി പ്രതിനിധിയെ അയച്ച് ശശി തരൂർ പത്രിക വാങ്ങി.മത്സരത്തെ കുറിച്ച് ഇതുവരെ മനസ് തുറന്നില്ലെങ്കിലും തരൂർ മുൻപോട്ട് തന്നെ. വിജ്ഞാപനം വന്ന ദിവസം നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കിയെങ്കിൽ നാമനിർദ്ദേശ പത്രിക സമർപ്പണത്തിൻ്റെ ആദ്യ ദിനം പ്രതിനിധിയെ അയച്ച് തരൂർ പത്രിക വാങ്ങി. 26 നോ അതിന് ശേഷമോ പത്രിക നൽകുമെന്നാണ് സൂചന.28 നായിരിക്കും ഗലോട്ട് പത്രിക നൽകുന്നത്. ഗ്രൂപ്പ് 23 ൻ്റെ പ്രതിനിധിയായി മനീഷ് തിവാരിയും പത്രിക നൽകിയേക്കും. ഡി സി സി അധ്യക്ഷന്മാരും,സാധാരണ പ്രവര്‍ത്തകരുമൊക്കെ ആദ്യദിനം എഐസിസിയില്‍ പത്രിക വാങ്ങാനെത്തി.

അതേ സമയം അധ്യക്ഷ സ്ഥാനത്തേക്ക് ഗലോട്ട് നീങ്ങുമ്പോൾ രാജസ്ഥാനിൽ മുഖ്യമന്ത്രി പദത്തിനായി സച്ചിൻ പൈലറ്റ് കരുക്കൾ നീക്കി തുടങ്ങി.ഗലോട്ട് പക്ഷത്തെ എം എൽ എ മാരെയടക്കം നേരിൽ കണ്ട് പിന്തുണ തേടി. പകരക്കാരനായി ഗലോട്ട് കാണുന്ന സി പി ജോഷിയുമായും കൂടിക്കാഴ്ച നടത്തി.  സച്ചിൻ പൈലറ്റിനൊപ്പം നിൽക്കുമ്പോഴും ഗലാട്ടിനെ പിണക്കാതുള്ള പരിഹാരത്തിനാണ് ഗാന്ധി കുടുംബത്തിൻ്റെ ശ്രമം.രാജസ്ഥാൻ ജനതയോടുള്ള തൻ്റെ ആത്മാർത്ഥതയെ ചിലർ അധികാരക്കൊതിയായി വ്യാഖ്യാനിക്കുകയാണെന്ന് ഇതിനിടെ  ഗലോട് പരിഭവിച്ചു

ശശി തരൂരിനെ പാർട്ടി വക്താവ് പരസ്യമായി വിമർശിച്ചു, ഉടനടി ഇടപെട്ട് ഹൈക്കമാൻഡ്; 'മോശം പരാമർശങ്ങൾക്ക് വിലക്ക്'

അധ്യക്ഷ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ മോശം പരാമർശങ്ങൾക്ക് കോൺഗ്രസ് വിലക്ക് പ്രഖ്യാപിച്ചു. ശശി തരൂരിനെതിരെ പാർട്ടി വക്താവ് ഗൗരവ് വല്ലഭ് പരസ്യമായി വിമർശനമുന്നയിച്ചതാണ് ഹൈക്കമാൻഡ് ഇടപെടാൻ കാരണം. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിപ്പ് നൽകി. പാർട്ടി വക്താക്കൾക്കും, ഭാരവാഹികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശശി തരൂരിനെതിരെ പരസ്യമായി രൂക്ഷ വിമർശനമാണ് പാർട്ടി വക്താവ് ഗൗരവ് വല്ലഭ് നടത്തിയത്. പാ‍ർട്ടിക്ക് വേണ്ടി തരൂ‍ർ എന്ത് ചെയ്തിട്ടുണ്ടെന്ന് ചോദിച്ച ഗൗരവ് വല്ലഭ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്‍റെ കഴി‍ഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഗാന്ധി കുടംബത്തോടത്തു നില്‍ക്കുന്ന നേതാവാണ് ഗൗരവ് വല്ലഭ്.

 

click me!