'പെട്രോൾ ബോംബ് ആക്രമണം ആസൂത്രിതം'; പിഎഫ്ഐ നേതൃത്വത്തിന്റെ അറിവോടെയെന്ന് കണ്ണൂര്‍ പൊലീസ്  

By Web TeamFirst Published Sep 24, 2022, 12:33 PM IST
Highlights

പിഎഫ്ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

കണ്ണൂ‍ർ  : പോപ്പുലര്‍ ഫ്രണ്ട് ഹ‍ര്‍ത്താൽ ദിവസം, കണ്ണൂര്‍ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. പിഎഫ്ഐ നേത‍ൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണുണ്ടായതെന്നാണ് പൊലീസ് കണ്ടെത്തൽ. പിഎഫ്ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. ജില്ലയിൽ  വ്യാപകമായി അക്രമം നടത്തിയ 13 പിഎഫ്ഐ പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

പെട്ടന്ന് പ്രഖ്യാപിച്ച ഹ‍ര്‍ത്താലായതിനാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആളുകൾക്കിടയിൽ ഭീതി പരത്താൻ സാധിക്കുന്നതുമായ  പെട്രോൾ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് നേതാക്കൾ അണികൾക്ക് നി‍ദ്ദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ജില്ലാ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. 

'പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന'; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം റിമാൻഡ് റിപ്പോർട്ടിൽ

ഇന്നലെ ഇരിട്ടിയിൽ വിമാനത്താവളത്തിൽ നിന്നും വരികയായിരുന്ന ആൾക്ക് നേരെയും പാലോട്ട് പള്ളിയിൽ ലോറിക്ക് നേരെയും മട്ടന്നൂരിൽ ആ‍ര്‍ എസ് എസ് കാര്യാലയത്തിന് നേര്‍ക്കും പത്രവാഹനത്തിന് നേരെയും പെട്രോൾ ബോംബ് ആക്രമണമുണ്ടായി. പാപ്പിനിശ്ശേരിയിൽ ബോംബുമായി ഒരു പിഎഫ്ഐ പ്രവർത്തകനെയും അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് പിന്തുടർന്നാണ്  മാങ്കടവ് സ്വദേശി അനസിനെ പിടികൂടിയത്. 

മുദ്രാവാക്യം വിളിച്ച പ്രതികൾക്ക് കോടതിയുടെ താക്കീത്, പിഎഫ്ഐ പ്രവ‍ര്‍ത്തക‍‍ര്‍ 7 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ

മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. 

tags
click me!