തിരുവനന്തപുരം വിമാനത്താവളം: നിലപാടിലുറച്ച് ശശി തരൂര്‍

By Web TeamFirst Published Aug 20, 2020, 5:26 PM IST
Highlights

വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടെന്നും തരൂര്‍ വ്യക്തമാക്കി.
 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് തരൂര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. അദാനി ഗ്രൂപ്പിനാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെ അനുകൂലിച്ച് തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ വ്യക്തമാക്കി. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടെന്നും തരൂര്‍ വ്യക്തമാക്കി. മുമ്പ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖം ഉള്‍പ്പെടുത്തിയാണ് തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തന്റെ സഹപ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ അവരോട് വിശദീകരിച്ചരുന്നേനെയന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര തീരുമാനത്തെ എതിര്‍ക്കുന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് കൈക്കൊണ്ടത്. 

ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടതില്ല. ഈ വീഡിയോ ഒരു വര്‍ഷം മുന്‍പ് എടുത്തതാണ്. എന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു നിലപാട് എടുക്കുന്നതിന് മുന്‍പ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. എന്റെ നിയോജകമണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് ഞാന്‍ നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം പി എന്ന നിലയില്‍ എന്റെ ജോലിയാണ് അത്.

click me!