
ദില്ലി: സ്പീക്കർ എഎൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തില്‍ തന്‍റെ വാക്കുകള്‍ കൂട്ടുപിടിക്കേണ്ടെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. താൻ ഗണേശ ഭക്തനാണെന്നും പ്ലാസ്റ്റിക്ക് സർജറിക്ക് ഗണപതിയെ ഉദാഹരണമാക്കിയതാണ് താൻ എതിര്‍ക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. ഇതിനിടെ തെരുവിലിറങ്ങി വിവാദം ആളിക്കത്തിക്കേണ്ടതിലെന്നതാണ് കോണ്‍ഗ്രസിലെ ധാരണ.
2014 ല്‍ പൗരാണിക കാലത്തെ ഇന്ത്യയില്‍ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നുവെന്നതിന് ഗണപതിയെ നരേന്ദ്രമോദി ഉദാഹരണമാക്കിയതാണ് താന്‍ എതിര്‍ത്തതെന്ന് തരൂര്‍ വിശദീകരിച്ചു. ഇതിന് ശേഷം പ്രധാനമന്ത്രിയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഷംസീറിന്‍റെ പ്രസ്താവനയുമായി തന്‍റെ വാക്കുകള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വിവാദത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തരൂർ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് സർജറിയുമായുള്ള നരേന്ദ്ര മോദിയുടെ താരതമ്യം ശാസ്ത്രത്തിന് എതിരാണ്. ആ നിലപാടിൽ മാറ്റമില്ലെന്നും തരൂർ വ്യക്തമാക്കി. നിലവിലെ വിവാദവുമായി തന്‍റെ പ്രസ്താവന കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് മതങ്ങളിലുള്ളവരുടെ വിശ്വാസത്തെ ഹനിക്കാതിരിക്കുന്നതാണ് നല്ലതെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.
എൻഎസ്എസിന്‍റെ നിലപാടിനെ ശക്തമായി പിന്തുണച്ച് ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശബരിമല മാതൃകയില്‍ പാര്‍ട്ടി തെരുവിലേക്ക് ഇറങ്ങില്ലെന്ന് നേതൃത്വം സൂചിപ്പിച്ചു. അതേസമയം ഷംസീർ പ്രസ്താവന തിരുത്തണമെന്ന നിലപാട് ഉന്നയിക്കുന്നത് കോണ്‍ഗ്രസ് തുടരും. സിപിഎം ഈ വിവാദം നിലനിർത്തുന്നത് സാമുദായിക ധ്രുവീകരണത്തിനാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതിനാല്‍ ഇക്കാര്യം ആളിക്കത്തിക്കുന്നത് പാർട്ടിക്ക് ഗുണമാകില്ല എന്ന വിലയിരുത്തലിലേക്കാണ് ഇന്നലെ നേതാക്കള്‍ ചർച്ചയിലൂടെ എത്തിയത്. ലോക്സഭ ഒരുക്കങ്ങള്‍ ആലോചിക്കാന്‍ ചേരുന്ന ഇന്നത്തെ യോഗത്തിലും ഇക്കാര്യം ചർച്ചയായേക്കും.
അതിനിടെ, സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഒന്നാം പ്രതിയായാണ് കേസ്. 1000ത്തിലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്.
വീഡിയോ കാണാം:
മറ്റ് മതങ്ങളിലുള്ളവരുടെ വിശ്വാസത്തെ ഹനിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തരൂർ