
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എം പി സമരപ്പന്തലിലെത്തി. ആശാവർക്കർമാരോട് സംസാരിച്ച തരൂർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. ആശമാരുടെ പ്രവർത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും നിലവിൽ നൽകുന്ന ഓണറേറിയാം കുറവാണെന്നും അത് വർദ്ദിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ആശമാറുടെ ഓണറ്റേറിയം ഒരിക്കലും കുടിശ്ശിക ആക്കരുതെന്ന് പറഞ്ഞ തരൂർ, ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാർ തർക്കം നടക്കുന്നുവെന്നും ചൂണ്ടികാട്ടി. ഇക്കാര്യം താൻ കേന്ദ്ര ശ്രദ്ധയിൽ പെടുത്തുമെന്നും തിരുവനന്തപുരം എം പി ആശാവർക്കർമാർക്ക് ഉറപ്പ് നൽകി. വിരമിക്കൽ അനുകൂല്യം നിർബന്ധമായും നൽകണമെന്നും തരൂർ ആവശ്യപ്പെട്ടു. സമരം ചെയ്തതിന്റെ പേരിൽ ആരെയും പിരിച്ചു വിടാൻ കഴിയില്ലെന്ന് പറഞ്ഞ തരൂർ, ആദ്യം ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.
അതിനിടെ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാവർക്കറന്മാർക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ട പബ്ലിക്കേഷൻ എം ഡിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ. രോഹിത് ചെന്നിത്തല എത്തിയത് ശ്രദ്ധേയമായി. അത്താഴ ഭക്ഷണമാണ് രോഹിത് ആശാ വർക്കർമാർക്ക് വിതരണം ചെയ്തത്. താന്‍റെ ഓഫീസിന് തൊട്ട് മുന്നിലാണ് സമരം നടക്കുന്നത്. ഒരു ഡോക്ടർ എന്ന നിലയ്ക്ക് ആശാവർക്കർമാർ കേരളത്തിന്‍റെ ആരോഗ്യരംഗത്ത് നൽകുന്ന സംഭാവനകൾ സാകൂതം വീക്ഷിക്കുന്ന ഒരാളാണ് താനെന്ന് രോഹിത് പറഞ്ഞു. വളരെ നിസ്സാര ശമ്പളത്തിന് പണിയെടുക്കുകയും ഉത്തരവാദിത്വങ്ങളെ ഒന്നടങ്കം നിറവേറ്റുകയും അതിനേക്കാളുപരി കൊവിഡ് കാലത്ത് കേരളത്തെ കോട്ടകെട്ടി കാക്കുകയും ചെയ്ത ആശാവർക്കർമാർ എന്നും അത്ഭുതമായിരുന്നു. അവരുടെ നിസ്തുലമായ സംഭാവനകൾ എന്നും അത്ഭുതപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള അവരുടെ സമരത്തെ സമ്പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും രോഹിത് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികളേക്കാൾ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ആശാവർക്കർമാർ സമൂഹത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് അവരുടെ ആവശ്യങ്ങൾ ഉദാരമായി പരിഗണിക്കുകയും അവരുടെ പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം കാണുകയും വേണം എന്ന ഉറച്ച അഭിപ്രായമാണ് തനിക്കുള്ളതെന്നും ഡോ. രോഹിത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം