'ശശി തരൂർ തറവാടി നായർ, പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുണ്ട്, കൂടെയുള്ളവര്‍ സമ്മതിക്കില്ലെങ്കില്‍ എന്ത് ചെയ്യാനാ?'

By Web TeamFirst Published Jan 8, 2023, 12:30 PM IST
Highlights

ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചതെന്ന് ജി സുകുമാരന്‍ നായര്‍. തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞും ശശി തരൂരിനെ പുകഴ്ത്തിയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിമർശനം. ശശി തരൂർ തറവാടി നായർ ആണ്. പ്രധാനമന്ത്രി ആകാന്‍ യോഗ്യതയുള്ളയാളാണ് ശശിതരൂരെന്നും സുകുമാരന്‍ നായര്‍ അഭിമുഖത്തില്‍ പറഞ്ഞു.

 

'കൂടെയുള്ളവര്‍ സമ്മതിക്കില്ലെങ്കില്‍ എന്ത് ചെയ്യാനാണ്. അധോഗതി എന്നല്ലാതെ എന്ത് പറയാനാ. ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചത്. തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ട്. തരൂര്‍ ഉള്ളത് കൊണ്ട് ചിലര്‍ക്ക് പെരുന്നയില്‍ വരാന്‍ ആഗ്രഹം ഇല്ലായിരിന്നു. അത് അവരുടെ അല്‍പ്പത്തരം ആണ്. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ട് കൂടാ എന്നത് മന്നത്തിന്‍റെ കാലം മുതല്‍ കേട്ടിട്ടുണ്ട്ട- സുകുമാരന്‍ നായര്‍ പറഞ്ഞു..

കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ അഭിമുഖത്തില്‍ നടത്തിയത്. കേരളത്തിൽ പ്രതിപക്ഷം ഉണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. രമേശ് ചെന്നിത്തലയെ ഉയർത്തി കാണിച്ചതാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണം. താക്കോൽ സ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല പിറ്റേന്നു തന്നെ സമുദായത്തെ തള്ളിപ്പറഞ്ഞു. ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ അത്ര വലിയ തോൽവി ഉണ്ടാകില്ലായിരുന്നു. സമുദായത്തെ തള്ളിപ്പറഞ്ഞത് കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഇഷ്ടമല്ല. തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് തവണ സതീശൻ ഫോണിൽ വിളിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു 

പിണറായി വിജയൻ ഗവൺമെന്‍റില്‍ ഒരു നന്മയും തനിക്ക്  കാണാനാവുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധിയാക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നില്ല.കേരളത്തിലെ ബി ജെ പി ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിപ്പിക്കുമായിരുന്നു. പ്രധാനമന്ത്രിയുടെ ഒരു ഫോൺകാൾ മതിയത്രെ കേസുകൾ അവസാനിക്കാൻ.കോൺഗ്രസ് പാർട്ടിയെക്കൊണ്ട് ആർക്കുമിപ്പോൾ വലിയ ഉപകരമൊന്നുമില്ലെങ്കിലും ആ പാർട്ടിക്കൊരു സംസ്കാരവും മര്യാദയുമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

click me!