
കൊല്ലം: ചിതറയിൽ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ വ്യാപാര സംഘടനകൾ. നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ പൊലീസ് ജാമ്യത്തിൽ വിട്ടത് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്നാണ് ആരോപണം. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് മർദ്ദനമേറ്റ ഷാനും ആവശ്യപ്പെട്ടു.
നിലമേലിലെ യൂണിയൻ കോർപ്പ് സൂപ്പർ മാർക്കറ്റ് ഉടമ ഷാനിന് മർദ്ദനമേറ്റ വിഷയം വലിയ ചർച്ചയായതോടെയാണ് ഇന്നലെ വൈകിട്ട് അഞ്ച് സിഐടിയു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിഐടിയു പ്രവർത്തകരായ പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് പിടികൂടിയത്. പക്ഷേ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉടൻ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇത്ര വലിയ അതിക്രമം നടന്നിട്ടും, പൊലീസ് നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് സൂപ്പർ മാർക്കറ്റ് ഉടമയുടെ ആരോപണം.
അതേസമയം ഷാൻ നൽകിയ മൊഴി പ്രകാരമാണ് കേസെടുത്തതെന്നാണ് ചടയമംഗലം പൊലീസിന്റെ വിശദീകരണം. അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 13 പ്രതികളുണ്ടെങ്കിലും ഷാനിനെ മർദ്ദിച്ചത് 8 പേർ മാത്രമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam