
തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിലവിലെ എൽഡിഎഫ് സർക്കാർ പാലിച്ചിട്ടില്ലെന്നും തരൂർ കുറ്റപ്പെടുത്തി.
വിഴിഞ്ഞത്ത് കപ്പലെത്തിയതോടെ വികസന വഴിയിൽ കേരളവും ഇന്ത്യയും പ്രതീക്ഷിക്കുന്നത് വൻകുതിപ്പാണ്. ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തിൻ്റെ ഹബ്ബായി മാറുന്ന വിഴിഞ്ഞം സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. അതേസമയം, ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കെത്താൻ കടമ്പകൾ ഇനിയും ബാക്കിയാണ്.
സിംഗപ്പൂർ, ചൈന, യുഎഇ അടക്കം തുറമുഖം തലവരമാറ്റിയ ഒരുപാട് രാജ്യങ്ങളുണ്ട്. മെഴസ്ക്കിൻ്റെ സാൻ ഫെർനാണ്ടോ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് കിടക്കുമ്പോൾ നമുക്കുമുള്ളത് വാനോളം പ്രതീക്ഷകളാണ്. വിഴിഞ്ഞം കേരളത്തിൻ്റെയും ഇന്ത്യയുടേയും ഗതിമാറ്റിമറിക്കും. ഇന്ത്യയിലേക്ക് കപ്പൽ വഴിയുള്ള ചരക്ക് ഗതാഗതമേറയും സിംഗപ്പൂരും കൊളംബോയും വഴിയാണ്. കൂറ്റൻ ചരക്കുകൾ അവിടെ നിന്ന് ഫീഡർ കപ്പലിലൂടെ രാജ്യത്തേക്കെത്തിക്കുന്നത് വഴിയുള്ള സമയനഷ്ടവും ധനനഷ്ടവും ഇനി പഴങ്കഥയാവും. വിഴിഞ്ഞത്ത് മദർഷിപ്പുകൾ നേരിട്ടെത്തും. വിഴിഞ്ഞം വഴി ചരക്കുകൾ മറ്റിടങ്ങളിലേക്ക് പോകും. അന്താരാഷ്ട്രാ കപ്പൽ ചാലിന് അടുത്ത ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖാമായ വിഴിഞ്ഞം തുറമുഖ സർക്യൂട്ടിലെ നിർണ്ണായക കേന്ദ്രമാകും.
ആദ്യഘട്ട കമ്മീഷൻ പൂർത്തിയാകുന്ന ഈ വർഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂർണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ൽ തീർക്കും. 4 വർഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരളതീരത്തേക്ക് വരുന്നത്. പക്ഷെ റോഡ്-റെയിൽ കണക്ടീവിറ്റിയാണ് പ്രശ്നം. സ്ഥലമേറ്റെടുക്കൽ കടമ്പ. തുറമുഖം മുന്നിൽ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും ഒന്നുമായില്ല. കമ്മീഷൻ ചെയ്ത് 15 ആം വർഷം മുതൽ ലാഭമെന്നാണ് കണക്ക്. വളരെ വൈകിയെങ്കിലും ഒടുവിൽ കപ്പലെത്തുമ്പോൾ ബാക്കി പ്രതിസന്ധികളും മറികടന്നുള്ള കുതിപ്പിനാണ് കാത്തിരിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam