
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കോൺഗ്രസ് എംപി ശശി തരൂർ വിമാനത്താവളത്തിൽ എത്തും. മറ്റു നേതാക്കളുടെ കൂടെയാണ് ശശി തരൂർ എംപിയും എത്തുക. അതേസമയം, സ്ഥലം എം.പി എന്ന നിലയിൽ ആണ് പങ്കെടുക്കുന്നത് എന്നാണ് വിശദീകരണം. പ്രധാനമന്ത്രിയെ സംബന്ധിച്ച നിലപാടുകൾ, പാർട്ടിക്കുള്ളിൽ തരൂരിൻ്റെ നീക്കങ്ങൾ എന്നിവ ചർച്ചയായിരിക്കെ ആണ് തരൂരിന്റെ സ്വീകരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ബസ്, ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാന്‍റില്‍ നിന്നും 11 മണിവരെയുള്ള ബസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയാണ്. റെയിൽവേ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം എന്നിവയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തിരുന്നു. സംസ്ഥാന പൊലീസും കനത്ത സുരക്ഷയാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി തലസ്ഥാനത്ത് 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസർവ് ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam