
തിരുവനന്തപുരം : നീതി ഉറപ്പായതിൽ സന്തോഷം എന്ന് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി. നീതി നടപ്പായി, തന്റെ സഹോദരിക്ക് നീതി കിട്ടി, വിധി എല്ലാവർക്കും പ്രചോദനമാകട്ടെ എന്നും അവർ പറഞ്ഞു. എല്ലാവർക്കും സുരക്ഷിതമായി സഞ്ചരിക്കാനാകണം. കേരളത്തിൽ എത്തി എല്ലാവർക്കും സുരക്ഷിതമായി ഭംഗി അസ്വദിക്കാനാകണമെന്നും അവർ വ്യക്തമാക്കി.
കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികള്‍. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കൊലപാതകം, ബലാത്സംഗം, സംഘം ചേർന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ തെളിഞ്ഞു.
ആയുർവേദ ചികിത്സക്കെത്തിയ ലാത്വിയൻ യുവതിയെയാണ് പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്. വിദേശ വനിത കോവളത്തെത്തിയപ്പോള്‍ സമീപത്തെ പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് മയക്കുരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2018 മാർച്ച് നാലിനാണ് വിദേശ വനിതയെ കാണാതാകുന്നത്.
യുവതിയെ കാണാതായി ഒന്നരമാസത്തിന് ശേഷമാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റപത്രം നൽകി മൂന്നു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു. അസി.കമ്മീഷണർ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ.മോഹൻരാജായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.കോടതി നടപടികള്‍ ലാത്വിനിലുള്ള സഹോദരിക്ക് ഓണ്‍ ലൈൻ വഴി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam