
ദില്ലി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു എന്നാൽ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി. കേസിൽ നാരായണദാസിനായി മുതിർന്ന അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി എന്നിവർ ഹാജരായി. നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.
Read more: വ്യാജ ബ്രൗൺ ഷുഗർ, തോക്ക്, പൊലീസ് വേഷം: 8 വർഷമായി വിചാരണ തുടങ്ങിയില്ല, നാരായണദാസ് സർവ സ്വതന്ത്രൻ
പിന്നീട് ഷീല സണ്ണി ജയിലിൽ നിന്ന് പുറത്തിറങ്ങി. 72 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഷീല സണ്ണി പുറത്തിറങ്ങിയത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഏറെ നാളുകൾക്ക് ശേഷം സംഭവത്തിൽ വ്യക്തത വന്നത്. ലിവിയ ജോസും നാരായണ ദാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് ഇവരെ പ്രതിചേർത്തത്. എന്നാൽ തന്നെ ഷീല സണ്ണി മനപ്പൂർവം കുടുക്കുകയാണെന്നും തൻ്റെ അച്ഛനോടും അമ്മയോടും ഷീല സണ്ണി 10 ലക്ഷം ആവശ്യപ്പെട്ടതിനെ എതിർത്തതിലുള്ള പകയാണ് ഇതിന് പിന്നിലെന്നുമാണ് ലിവിയ ജോസ് ആരോപിച്ചത്.
സാമ്പത്തിക തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നാരായണ ദാസ് 28 ലക്ഷത്തിൻ്റെ വഞ്ചനാ കേസിൽ പ്രതിയായിരിക്കെയാണ് ഷീല സണ്ണി കേസിൽ പ്രതിചേർക്കപ്പെട്ടത്. പിന്നീട് ഇയാൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തിൽ ആൾമാറാട്ടം നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam