ഷഹലയുടെ മരണം: വയനാട് കളക്ടേറ്റിലേക്ക് എസ്എഫ്ഐക്കാര്‍ ഇരച്ച് കയറി, സംഘര്‍ഷം

By Web TeamFirst Published Nov 22, 2019, 12:22 PM IST
Highlights

എസ്എഫ്ഐ മാര്‍ച്ചിൽ സംഘര്‍ഷം 

കളക്ടേറ്റിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടു 

സ്ഥലത്ത് സംഘര്‍ഷാവസ്ഥ 

വയനാട്: സുൽത്താൻ ബത്തേരിയിൽ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ വച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ കളക്ടേറ്റ് മാര്‍ച്ചിൽ സംഘര്‍ഷമായി.  നൂറോളം വരുന്ന പ്രതിഷേധക്കാര്‍ കളക്ട്രേറ്റിനകത്തേക്ക് ഓടിക്കയറി. വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ജീവനക്കാര്‍ പുറത്തിറങ്ങി നിൽക്കുന്ന അവസ്ഥയിലാണ്. 

പെൺകുട്ടികൾ അടക്കം പ്രതിഷേധക്കാരാണ് കളക്ടേറ്റിന്‍റെ രണ്ടാം ഗേറ്റിന് സമീപത്തെ മതില് വഴി ഓഫീസിനകത്തേക്ക് ഇരച്ച് കയറിയത് . അടിസ്ഥാന സൗകര്യങ്ങൾക്ക് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും പദ്ധതി സ്കൂളിൽ നടപ്പായില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഭരണ അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധ മാര്‍ച്ച് ആയതുകൊണ്ട് വലിയ സുരക്ഷാ സംവിധാനങ്ങൊന്നും ഒരുക്കിയിരുന്നുമില്ല. 

രണ്ടാം ഗേറ്റിന്‍റെ സമീപത്തെ മതിലു ചാടി കളക്ടേറ്റിനകത്തേക്ക് പെൺകുട്ടികൾ അടക്കമുള്ള പ്രതിഷേധക്കാര്‍ ഇരച്ച് കയറുകയായിരുന്നു. മൂന്ന് നിലകളും പ്രതിഷേധക്കാര്‍ കയ്യടക്കിയതോടെ കളക്ടേറ്റിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടു. കാര്യങ്ങൾ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലായ പൊലീസ് പ്രതിഷധക്കാരെ ലാത്തി വീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ ജീവനക്കാര്‍ മൂന്നാം നിലയിലേക്ക് കയറി നിൽക്കുന്ന അവസ്ഥയാണ്. സ്ഥിതി നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിളിച്ച് വരുത്താനും തീരുമാനിച്ചു. വനിതാ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആവശ്യത്തിന് വനിതാ പൊലീസുകാരും ഉണ്ടായിരുന്നില്ല. 

സ്കൂൾ നവീകരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിക്കുന്നതിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ വീഴ്ച വരുത്തിയെന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമെന്ന് പ്രതികരിച്ച  ഐസി ബാലകൃഷ്ണൻ കിട്ടിയ ഒരു കോടി രൂപ പ്ലസ്ടു ബാച്ചിന്‍റെ കെട്ടിട നിർമാണത്തിനായി ചെലവിട്ടെന്നും വ്യക്തമാക്കി

click me!