ഷെജിനും ജോയ്സ്നയും തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ യൂത്ത് സെന്ററിൽ, സ്വീകരിച്ച് ചിന്തയും സനോജും

By Web TeamFirst Published Apr 18, 2022, 10:59 AM IST
Highlights

ഇരുവരെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും സംസ്ഥാന യുവജന കമ്മീഷൻ ചെയര്‍പേഴ്സൺ ചിന്ത ജെറോമും ചേര്‍ന്ന് സ്വീകരിച്ചു

തിരുവനന്തപുരം: കോടഞ്ചേരിയിൽ പ്രണയിച്ച് വിവാഹം ചെയ്ത ഷെജിനും ജെയ്സ്നയും ഡിവൈഎഫ്ഐയുടെ തിരുവനന്തപുരത്തെ യൂത്ത് സെന്ററിലെത്തി. ഇരുവരുടെയും പ്രണയവും മിശ്രവിവാഹവും വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. സെന്ററിലെത്തിയ ഇരുവരെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും സംസ്ഥാന യുവജന കമ്മീഷൻ ചെയര്‍പേഴ്സൺ ചിന്ത ജെറോമും ചേര്‍ന്ന് സ്വീകരിച്ചു. ഇവര്‍ക്കൊപ്പമുള്ള ഫോട്ടോ ഷെജിൻ ഫേസ്ബുക്കിൽ പങ്കുവച്ചു. 

ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹം ലൗ ജിഹാദാണെന്ന ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ആദ്യം ആരോപണത്തെ അനുകൂലിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് തോമസിന്റെ നിലപാട് വിവാദമായിരുന്നു. ജോര്‍ജ് തോമസിന് പിശകുപറ്റിയതാണെന്ന് വിശദീകരിച്ചും ലൗ ജിഹാദ് വിവാദം തള്ളിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ ജോര്‍ജ് എം തോമസ് തന്റെ നിലപാടിൽ തിരുത്തുമായി രംഗത്തെത്തി. 

അതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോര്‍പ്പസിൽ ജോയ്സ്നയെ ഹാജരാക്കാൻ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. താൻ ഹാജരാകുമെന്ന് ജോയ്സ്നയും അറിയിച്ചിട്ടുണ്ട്. 19നാണ് ജോയ്സ്ന ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. 

ഡിവൈഎഫ്ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷെജിൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരുവരുമിപ്പോൾ ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസം.  രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിൻ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, തങ്ങളെ സ്വസ്ഥമായി  ജീവിക്കാൻ അനുവദിക്കണമെന്നും ഷെജിൻ ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ ഒമ്പതിന് വൈകീട്ടാണ് കോ‍ടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫും വീട് വിട്ടിറങ്ങിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ മകൾ തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്. 

click me!