
തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള ഫോട്ടോ പുറത്തു വിട്ട് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഈ ഫോട്ടോയിൽ എന്ത് കൊണ്ട് മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലെന്ന് ചോദ്യം. ഫേസ്ബുക്കിലൂടെയാണ് ഷിബു ബേബി ജോണിന്റെ ആദ്യ പ്രതികരണം. ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്തായിരുന്നുവെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഇരുത്തി എന്താണ് ചർച്ച ചെയ്തതെന്നും, അത് കടകംപള്ളിയും സർക്കാരും വ്യക്തമാക്കണമെന്നും ഷിബു ബേബി ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി ഇതും അന്വേഷിക്കുമോ എന്നറിയാൻ ആകാംക്ഷയുണ്ടെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'ഈ ചിത്രങ്ങൾ നേരത്തെ എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?
പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയത്.
ഇവർ ഇരിക്കുന്നത് ബാംഗ്ലൂർ എയർപോർട്ടിൽ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തത്?'- ഷിബു ബേബി ജോൺ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam