
കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഒരു മരണവും രോഗലക്ഷണങ്ങൾ ഉള്ള നാൽപ്പതോളം കേസുകളും ഇതിനകം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗലക്ഷണങ്ങളുണ്ടായ 15 പേരില്‍ ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടി. വ്യക്തി ശുചിത്വം പാലിച്ചാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കോർപ്പറേഷൻ പരിധിയിലെ കോട്ടാംപറമ്പിലാണ് പത്ത് ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 11 വയസുള്ള കുട്ടി മരിച്ചതിനെ തുടർന്നാണ് സമീപപ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ വെള്ളത്തിന്‍റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മനുഷ്യവിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കുടിവെള്ളത്തിൽ കലരുന്നത്. അതിനാൽ വ്യക്തി ശുചിത്വം അനിവാര്യമാണ്.
കടലുണ്ടി, ഫറോക്ക്,പെരുവയൽ, വാഴൂർ പ്രദേശങ്ങളിലും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഉള്ളവരും അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഷിഗെല്ല എന്ന ബാക്ടീരിയ പടർത്തുന്ന രോഗം പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഛര്‍ദ്ദി, പനി, വിസര്‍ജ്ജ്യത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മുതിർന്നവരേക്കാൾ കുട്ടികളിൽ രോഗം വന്നാൽ മരണ നിരക്ക് കൂടുതലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam