
തിരുവനനന്തപുരം: ഷിരൂരിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും.
എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.
ജൂലൈ 16 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത് - അന്ന് രാവിലെ 8.45 നാണ് അർജ്ജുനെ കാണാതായത്. ജൂലൈ 23 ന് റഡാർ, സോണാർ സിഗ്നലുകളിൽ ലോറിയുടേത് എന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്‍റെ ശക്തമായ സിഗ്നലുകൾ കിട്ടിയിരുന്നു. നദിയുടെ നടുവിൽ മൺകൂനയ്ക്ക് അടുത്ത് സിപി 4 ൽ അത് മാർക്ക് ചെയ്തു. ജൂലൈ 28 - ശക്തമായ മഴയും ഒഴുക്കും കാരണം തെരച്ചിൽ നിർത്തിവയ്ക്കണ്ടി വന്നു. ഓഗസ്റ്റ് 14- രണ്ടാം ഘട്ട തെരച്ചിൽ തുടങ്ങി. ഓഗസ്റ്റ് 17- ശക്തമായ മഴയും അടിയൊഴുക്കും കാരണം തെരച്ചിൽ തുടരാനായില്ല. ഡ്രഡ്ജർ കേരളത്തിൽ നിന്ന് കൊണ്ടുവരാൻ കഴിഞ്ഞില്ല.. ഈശ്വർ മാൽപെ അടക്കമുള്ളവരും ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും തെരച്ചിലിന് ഇറങ്ങിയെങ്കിലും നദിയുടെ അടിത്തട്ടിൽ മരങ്ങളും പാറക്കെട്ടുകളും വന്നടിഞ്ഞ സ്ഥിതിയിലായിരുന്നു. ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാൽ അധികം ആഴത്തിലേക്ക് പോകാനായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam