
ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനുളള ശ്രമങ്ങൾക്ക് തുടക്കം. കാലാവസ്ഥ അനുകൂലമെങ്കിൽ നാളെ ഡ്രഡ്‍ജർ പുറപ്പെടും. കാലാവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് കാർവാറിൽ ഇന്നലെ നടന്ന യോഗത്തിലെ വിലയിരുത്തൽ. ഇന്ന് കൂടി മഴയില്ലെങ്കിൽ നാളെ ഗോവയിൽ നിന്ന് ഡ്രഡ്‍ജർ പുറപ്പെടും. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നിലവിൽ തെരച്ചിലിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്. ഗോവയിൽ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്‍ജർ എത്തിക്കാൻ 30-40 മണിക്കൂർ സമയം ആവശ്യമാണ്. അങ്ങനെയെങ്കിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും തെരച്ചിൽ തുടങ്ങാനാകുക എന്നും അധികൃതർ അറിയിച്ചു.
നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലർട്ടാണ്. ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്താൽ ഡ്രഡ്ജർ കൊണ്ട് വരുന്നതിനും അത് പ്രവർത്തിപ്പിക്കുന്നതിനും തടസ്സം നേരിട്ടേക്കും.
കാർവാർ ആസ്ഥാനമായുള്ള സ്വകാര്യ ഡ്രെഡ്‍ജിംഗ് കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഡ്രഡ്‍ജർ ആണ് ടഗ് ബോട്ടിൽ സ്ഥലത്തേക്ക് കൊണ്ട് വരിക. ഇതിന്‍റെ എല്ലാ ചെലവുകളും വഹിക്കാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അർജുന്‍റെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam