
തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ഉന്നയിച്ച പരസ്യവിമര്‍ശനത്തിൽ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാട് കെ സുരേന്ദ്രൻ ആവര്‍ത്തിക്കുകയാണ്. അതൃപ്തി അറിയിച്ച് ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിന് കത്തൊന്നും നൽകിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ഊഹാപോഹങ്ങൾക്ക് പരസ്യ മറുപടിയില്ലെന്നും അത്തരമൊരു രീതി ബിജെപിക്ക് ഇല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേന്ദ്രനെ രൂക്ഷമായ വിമർശിച്ചുള്ള ശോഭയുടെ കത്തിൽ കേന്ദ്രനേതൃത്വത്തിന്‍റെ ഇടപടെലാണ് മുരളീപക്ഷം ലക്ഷ്യമിടുന്നത്. പുന:സംഘടനയിൽ തീരുമാനമെടുത്തത് കേന്ദ്രനേതൃത്വമായിരിക്കെ കേന്ദ്രത്തെ തന്നെ ശോഭ വെല്ലുവിളിച്ചുവെന്നാണ് മുരളീപക്ഷ നിലപാട്.
അതേസമയം സംസ്ഥാന ബിജെപിയിൽ ശോഭാ സുരേന്ദ്രൻ ഉയർത്തിയ കലാപക്കൊടി ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. വർഷങ്ങളായി പാർട്ടിയിലുള്ള ഗ്രൂപ്പ് പോരിന്റെ മാതൃകയിലല്ല ശോഭയുടെ നടപടികൾ എന്നതും ശ്രദ്ധേയമാണ്. ഒരേ സമയം എതിർപ്പുകൾ പരസ്യപ്പെടുത്തിയും സംസ്ഥാന അധ്യക്ഷനെതിരെ കത്തയച്ച് ദേശീയ നേതൃത്വത്തിൻറെ ഇടപെടൽ ആവശ്യപ്പെട്ടുമാണ് ശോഭയുടെ നീക്കങ്ങൾ.ശോഭാ സുരേന്ദ്രൻ ഉന്നയിച്ച പ്രശ്നങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്ന് എംടി രമേശ് അറിയിച്ചു.
ശോഭാ സുരേന്ദ്രന് പരസ്യമായി മറുപടി നൽകാതെ കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറുമ്പോൾ പികെ കൃഷ്ണദാസ് പക്ഷം വ്യത്യസ്തനിലപാടാണ് എടുക്കുന്നത്. ശോഭ തുടങ്ങിയ പുതിയ ഗ്രൂപ്പിലേക്ക് കൂടുതൽ നേതാക്കളെത്തുന്നതിനെ കൃഷ്ണദാസ് പക്ഷം ഗൗരവമായി കാണുന്നു. അത് കൊണ്ടാണ് ഗ്രൂപ്പ് പോര് നിർത്തി സുരേന്ദ്രനൊപ്പം നീങ്ങുന്ന കൃഷ്ണദാസ് പക്ഷം ശോഭയെ പിണക്കാതെയുള്ള സമീപനത്തിലേക്ക് മാറുന്നത്. പിഎം വേലായുധൻ, രാധാകൃഷ്ണമേനോൻ, ജെആർ പത്മകുമാർ, കെപി ശ്രീശൻ അടക്കമുള്ള നേതാക്കളാണ് ഇതിനകം ശോഭക്കൊപ്പമുള്ളത്. സുരേന്ദ്രൻറെ വ്യക്തിവിരോധമാണ് തഴയപ്പെടാനുള്ള കാരണമെന്ന ശോഭയുടെ കത്തിലും പുന സംഘടനക്കെതിരായ പരസ്യ വിമർശനത്തിലും കേന്ദ്രനേതൃത്വത്തിനറെ നടപടിയാണ് ഇനി പ്രധാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam